വിശ്വാസം യുദ്ധത്തിനുള്ള ആയുധമാക്കരുത്: കര്‍ദിനാള്‍ കൂവക്കാട്

വത്തിക്കാന്‍:ലോകമെമ്പാടും ഉടലെടുത്തിരിക്കുന്ന യുദ്ധ സാഹചര്യത്തില്‍, 'സംഘര്‍ഷ പരിഹാരത്തില്‍ മതനേതാക്കളുടെ പങ്ക്' എന്ന വിഷയത്തില്‍, അന്താരാഷ്ട്ര മതനേതാക്കളുടെ ഉച്ചകോടി സംഘടിപ്പിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ കാര്യാലയവും, മുസ്ലീം വേള്‍ഡ് ലീഗും സഹകരിച്ചുകൊണ്ട്, ക്വാലാലംപൂരില്‍ വച്ചാണ് യോഗം നടന്നത്.
കത്തോലിക്കാ സഭയുടെ പ്രതിനിധിയായി, വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് സംബന്ധിക്കുകയും, സന്ദേശം നല്കുകയും ചെയ്തു. സന്ദേശത്തില്‍, മതനേതാക്കള്‍, കൂട്ടായ്മയുടെ പാലം പണിയാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നു കര്‍ദിനാള്‍ അടിവരയിട്ടു പറഞ്ഞു.
ലോകത്തിന്റെ നിലവിലെ സാഹചര്യത്തില്‍ സമ്മേളനത്തിന്റെ പ്രമേയം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും, അക്രമത്തിനും അന്യായമായ വിവേചനത്തിനുമെതിരെ ശബ്ദമുയര്‍ത്തുവാനും, സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന മൂലകാരണങ്ങളെ ധൈര്യത്തോടെ അഭിസംബോധന ചെയ്യുന്നതിനും, പൊതു ഭവനത്തിന്റെ സംരക്ഷണത്തിനായി ഉറച്ചുനില്‍ക്കുന്നതിനും മതനേതാക്കള്‍ക്കുള്ള കടമകളെ കര്‍ദിനാള്‍ ചൂണ്ടിക്കാണിച്ചു.
മതമാണ് പലപ്പോഴും സംഘട്ടനങ്ങളുടെ മൂലകാരണം എന്ന് ആരോപിക്കപ്പെടുന്നുവെങ്കിലും, അത് യാഥാര്‍ഥ്യമല്ല എന്നും, മറിച്ച് അക്രമത്തിന്റെ വേരുകള്‍ സാധാരണയായി ദാരിദ്ര്യം, അസമത്വം, രാഷ്ട്രീയ കൃത്രിമത്വം, ഉപേക്ഷിക്കല്‍, അനീതിയുടെ ആഴത്തിലുള്ള മുറിവുകള്‍ എന്നിവയിലാണ് സ്ഥിതിചെയ്യുന്നതെന്നു കര്‍ദിനാള്‍ ഓര്‍മ്മപ്പെടുത്തി.
വിഭജനത്തിന് ആക്കം കൂട്ടുന്നതിനോ ആക്രമണത്തെ ന്യായീകരിക്കുന്നതിനോ ഉള്ള സൗകര്യപ്രദമായ ഉപകരണമായി മതത്തെ ചിലര്‍ പലപ്പോഴും ചൂഷണം ചെയ്യുന്നുണ്ടെന്നും, കര്‍ദിനാള്‍ എടുത്തു പറഞ്ഞു.
എന്നാല്‍ ചില മതനേതാക്കന്മാര്‍ പ്രത്യക്ഷമായോ പരോക്ഷമായോ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുകയോ ജ്വലിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന കാര്യം നിഷേധിക്കുവാന്‍ സാധിക്കുകയില്ലെന്നതും കര്‍ദിനാള്‍ സൂചിപ്പിച്ചു. മതതീവ്രവാദം, വംശീയ-മത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, കര്‍ക്കശമായ മൗലികവാദം തുടങ്ങിയ പ്രതിഭാസങ്ങളില്‍ ഇത് പ്രകടമാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
മതങ്ങളുടെ തത്വസംഹിതകളും, പാരമ്പര്യങ്ങളും, ചരിത്രങ്ങളും തിരുത്തിയെഴുതുവാനും ഇക്കൂട്ടര്‍ മടിക്കുന്നില്ലെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിശ്വാസം, യുദ്ധത്തിനുള്ള ആയുധമാക്കരുതെന്നും, പകരം അത് മാനവകുലത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളില്‍ നിന്നുള്ള സൗഖ്യം നല്‍കുന്ന ഔഷധമാകണെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.
'മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടലിലേക്ക് നയിക്കുന്ന ഭയത്തിന്റെ യുക്തിക്ക് വഴങ്ങരുതെന്നുള്ള' ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളും കര്‍ദിനാള്‍ ഉദ്ധരിച്ചു.
മതനേതാക്കന്മാരെന്ന നിലയില്‍ മതിലുകളേക്കാള്‍ പാലങ്ങള്‍ പണിയാനുള്ള നമ്മുടെ ഉത്തരവാദിത്തത്തെ, ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളില്‍ കര്‍ദിനാള്‍ അനുസ്മരിച്ചു. സമാധാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ഭാവി സൃഷ്ടിക്കുന്നതിനായി, ഭയത്തിന്റെയും അജ്ഞതയുടെയും വിദ്വേഷത്തിന്റെയും മതിലുകള്‍ തകര്‍ക്കുവാനുള്ള ധൈര്യം ഏവരും സംഭരിക്കണമെന്നും കര്‍ദിനാള്‍ കൂവക്കാട് പറഞ്ഞു.
മാനവകുലത്തെ, പ്രത്യേകിച്ചും കുട്ടികള്‍, സ്ത്രീകള്‍, ദരിദ്രര്‍, എന്നിവരില്‍ സംഘട്ടനങ്ങള്‍ ആഴത്തിലുള്ള മുറിപ്പാടുകള്‍ അവശേഷിപ്പിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണെന്നിരിക്കെ, ഈ നിലവിളികള്‍ നമ്മെ സുഖമായി വിശ്രമിക്കാനോ സമാധാനത്തോടെ ഉറങ്ങാനോ അനുവദിക്കരുതെന്നും, മതനേതാക്കന്മാര്‍ എന്ന നിലയില്‍, സംഘര്‍ഷങ്ങളില്‍ അന്യായമായി കഷ്ടപ്പെടുന്നവര്‍ക്കായി ശബ്ദമുയര്‍ത്താനും നീതിയോടും ധൈര്യത്തോടും കൂടി സംസാരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നു കര്‍ദിനാള്‍ അടിവരയിട്ടു പറഞ്ഞു.
മുറിവുകള്‍ ഉണക്കാന്‍ മതത്തിന് സവിശേഷമായ ഒരു ശക്തിയുണ്ട്. അതിന് ക്ഷമയിലൂടെ മാത്രമല്ല, നീതിയിലൂടെയും, സത്യത്തിലൂടെയും, അനുരഞ്ജനത്തിലൂടെയും ഐക്യം പുനഃസ്ഥാപിക്കുവാന്‍ മതങ്ങള്‍ക്ക് കഴിയണമെന്നും കര്‍ദിനാള്‍ ഓര്‍മ്മപ്പെടുത്തി. യഥാര്‍ത്ഥവും ശാശ്വതവുമായ സമാധാനം ആരംഭിക്കുന്നത് മാനവികതയുടെ ആന്തരിക മുറിവുകള്‍ ഉണക്കുന്നതിലൂടെയാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.