വിശ്വാസം സ്വകാര്യ ഭക്തിയായി മാത്രം സൂക്ഷിക്കരുത്; പൊതുജീവിതത്തില്‍ സുവിശേഷം പിന്തുടരാന്‍ രാഷ്ട്രീയക്കാരോട് ആഹ്വാനം ചെയ്ത് ലിയോ പാപ്പ

 
LEO


വത്തിക്കാന്‍ സിറ്റി: രാഷ്ട്രീയത്തില്‍ പൊതു കടമകള്‍ നിര്‍വഹിക്കുമ്പോഴും വിശ്വാസത്തില്‍ സ്ഥിരതയോടെ ജീവിക്കാനും സുവിശേഷം പിന്തുടരാനും രാഷ്ട്രീയക്കാരോട് ലിയോ 14 ാമന്‍ പാപ്പയുടെ ആഹ്വാനം. 

ഫ്രാന്‍സിലെ ക്രെറ്റൈല്‍ രൂപതയില്‍ നിന്നുള്ള രാഷ്ട്രീയ പ്രതിനിധികളുടെയും പൗര നേതാക്കളുടെയും  സംഘത്തെ വത്തിക്കാനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

സുവിശേഷത്താല്‍ പ്രചോദിതമായി മാത്രമേ കൂടുതല്‍ നീതിയുക്തവും, കൂടുതല്‍ മാനുഷികവും, കൂടുതല്‍ സാഹോദര്യപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ബിഷപ് ഡൊമിനിക് ബ്ലാഞ്ചെറ്റിനൊപ്പം എത്തിയ പ്രതിനിധി സംഘത്തോട് പാപ്പ പറഞ്ഞു. 


ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ക്രിസ്തുവിലേക്ക് തിരിയുകയും നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അവന്റെ സഹായം തേടുകയും ചെയ്യുന്നതിനേക്കാള്‍ മികച്ചതായി ഒന്നും ചെയ്യാനില്ലെന്നും പാപ്പ  കൂട്ടിച്ചേര്‍ത്തു.

മതേതരത്വത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ നിമിത്തം ജനപ്രതിനിധികള്‍ക്ക് വിശ്വാസമനുസരിച്ച്  തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും എളുപ്പമല്ലാത്ത ഫ്രാന്‍സിലെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണെന്നും പാപ്പ വ്യക്തമാക്കി. 

ക്രൈസ്തവവിശ്വാസത്തെ  വെറും സ്വകാര്യ ഭക്തിയിലേക്ക് ചുരുക്കാന്‍ കഴിയില്ലെന്നും  ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിച്ചുകൊണ്ടുള്ള ജീവിതശൈലി അതിന്റെ ഭാഗമാണെന്നും പാപ്പ പറഞ്ഞു.

ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ട് മൂല്യങ്ങള്‍ മാത്രം പ്രോത്സാഹിപ്പിക്കാനുള്ള പ്രലോഭനത്തിനെതിരെ പാപ്പ മുന്നറിയിപ്പ് നല്‍കി. ക്രിസ്തുവിനെക്കൂടാതെ ലോകത്തെ മാറ്റാനാകില്ല. 


  ഒരു വശത്ത് രാഷ്ട്രീയക്കാരനും മറുവശത്ത് ക്രിസ്ത്യാനിയും ഇല്ല. മറിച്ച്, ദൈവത്തിന്റെ ദൃഷ്ടിയില്‍, മനസ്സാക്ഷിയുടെ മുമ്പാകെ, ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ തന്റെ പ്രതിബദ്ധതകളും ഉത്തരവാദിത്വങ്ങളും ജീവിക്കുന്ന ഒരു രാഷ്ട്രീയക്കാരനാവുകയാണ് വേണ്ടതെന്ന് പാപ്പ വ്യക്തമാക്കി.

ക്രൈസ്തവ  സിദ്ധാന്തങ്ങള്‍ നിര്‍ദേശിക്കാനും ബോധ്യത്തോടെ അതിനെ പ്രതിരോധിക്കാനും ഭയപ്പെടരുത്. സമാധാനപരവും, ഐക്യപൂര്‍ണവും, സമൃദ്ധവും, അനുരഞ്ജിതവുമായ സമൂഹങ്ങളുടെ നിര്‍മാണത്തിനായി, ഓരോ മനുഷ്യന്റെയും നന്മ തേടുന്ന രക്ഷയുടെ സിദ്ധാന്തമാണത്. 

ക്രൂശിക്കപ്പെട്ട യേശുവുമായുള്ള ഐക്യത്തിലൂടെ മാത്രമേ അവന്റെ നാമത്തിനുവേണ്ടി ക്ലേശങ്ങള്‍ ഏറ്റെടുക്കാന്‍ ധൈര്യം ലഭിക്കുകയുള്ളൂവെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

Tags

Share this story

From Around the Web