പരസ്പരമുള്ള ബന്ധത്തിൽ മാത്രമാണ് വിശ്വാസം സജീവമാകുന്നത്: പാപ്പാ

 
Leo papa

പരിശുദ്ധ പിതാവ്, തന്റെ വളർച്ചയുടെ കാലഘട്ടങ്ങളിൽ പ്രത്യേകമായും, യൗവനത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ള  വിശുദ്ധരുടെ ജീവിത മാതൃകകൾ എടുത്തു പറഞ്ഞുകൊണ്ടാണ് തന്റെ സന്ദേശം ആരംഭിച്ചത്. അത് വിശുദ്ധ അഗസ്റ്റിനെ പറ്റിയും, വിശുദ്ധ ജോൺ ക്രിസോസ്റ്റത്തെ പറ്റിയുമാണ് ആരംഭത്തിൽ പാപ്പാ സംസാരിച്ചത്. വിശുദ്ധ അഗസ്റ്റിനെ പറ്റി ഇതിനോടകം യുവജനങ്ങളിൽ ചിലർ ചൂണ്ടിക്കാണിച്ചതിനാൽ, പാപ്പാ പ്രത്യേകമായും, സുവർണ്ണ നാവ് എന്നറിയപ്പെടുന്ന വിശുദ്ധ ജോൺ ക്രിസോസ്റ്റത്തെക്കുറിച്ചാണ് യുവജനങ്ങളോട് വിശദീകരിച്ചത്.

എ.ഡി. 368-ൽ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് മുൻപ് അദ്ദേഹം തത്വചിന്ത പഠിക്കുകയായിരുന്നുവെന്നും, തുടർന്ന്, അദ്ദേഹം തന്റെ ജന്മനഗരമായ അന്ത്യോഖ്യയിൽ നിന്നുള്ള മറ്റ് ചെറുപ്പക്കാരോടൊപ്പം, തിരുവചനത്തിന്റെ വ്യാഖ്യാനത്തിനായി  സമയം ചിലവഴിക്കുകയും, പിന്നീട്,  ഒരു സന്യാസിയെന്ന നിലയിലും, പുരോഹിതനായും, മെത്രാനായും സഭയുടെ സേവനത്തിനായി സ്വയം സമർപ്പിച്ചുവെന്ന വസ്തുത ഓർമ്മപ്പെടുത്തികൊണ്ട്, പൗരോഹിത്യ ജീവിതത്തിലേക്കോ,  സന്യാസജീവിതത്തിലേക്കോ, സഭയിലെ മറ്റ് സേവനങ്ങളിലേക്കോ ഉള്ള ദൈവവിളികളെ യുവജനങ്ങൾ ഒരിക്കലും ഭയപ്പെടരുതെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.  

സത്യത്തോടുള്ള സ്നേഹത്തെയും ജീവിതത്തിന്റെ സത്യത്തെയും ഒന്നിപ്പിക്കുന്ന അദ്ദേഹത്തിന്റെ  പ്രഭാഷണങ്ങൾ, രചനകൾ, സുവിശേഷ സന്ദേശങ്ങൾ എന്നിവയാണ്, തന്റെ ജീവിതത്തിൽ ഏറെ പ്രചോദനം നൽകിയതെന്നും പാപ്പാ പങ്കുവച്ചു. അതുപോലെ തന്നെ ധൈര്യപൂർവ്വം, സംസാരിക്കാനും നീതിക്ക് അനുകൂലമായ കാര്യങ്ങൾ പറയാനും അദ്ദേഹം ഭയപ്പെട്ടിരുന്നില്ല എന്നതും പാപ്പാ ഓർമ്മപ്പെടുത്തി.

മറ്റൊരു വിശുദ്ധൻ, അഗസ്റ്റീനിയനായ വില്ലാനുവേവയിലെ വിശുദ്ധ തോമസ്  ആണ്. പ്രാർത്ഥനയിലും,  ബ്രഹ്മചര്യത്തിലും, അനുസരണത്തിലും ഉത്സാഹത്തോടെ \ ജീവിക്കുവാൻ, മെത്രാൻ എന്ന നിലയിൽ, വിശുദ്ധ തോമസ് നൽകിയ പ്രേരണകൾ പാപ്പാ ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിന്റെ തീക്ഷ്ണമായ ദാനധർമ്മത്തിന്  അദ്ദേഹം ഇന്നും "ദരിദ്രരുടെ മെത്രാൻ " എന്നാണ് അറിയപ്പെടുന്നതെന്നും, ഇത് കാരുണ്യപ്രവർത്തനങ്ങളിൽ തനിക്ക് വലിയ മാതൃക ആണെന്നും പാപ്പാ എടുത്തു പറഞ്ഞു.

വേറെ ഒരു വിശുദ്ധൻ പെറുവിൽ മിഷനറിയായി സേവനം അനുഷ്ടിച്ച, വിശുദ്ധ തോരീബിയോ ദേ മോഗ്രോവെഹോ ആണ്. ക്രിസ്തുവിന്റെ നാമത്തിൽ ദരിദ്രരായ ആളുകൾക്ക് വേണ്ടി സേവനം അനുഷ്ഠിച്ച വിശുദ്ധനാണ് അദ്ദേഹം.  ഈ വിശുദ്ധർക്ക് ഇപ്രകാരം അനേകം നല്ല കാര്യങ്ങൾ ചെയ്യുവാൻ സാധിച്ചുവെങ്കിൽ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ? എന്ന ചോദ്യം മുൻനിർത്തിക്കൊണ്ട്, ജീവിതത്തിന്റെ നല്ല ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനംചെയ്തു.

തുടർന്ന്, പെറുവിൽ ഒരു മിഷനറി എന്ന നിലയിൽ, തന്റെ ജീവിതത്തെയും, അവിടുത്തെ ജനതയുടെ വേദന നിറഞ്ഞതും  എന്നാൽ   പ്രത്യാശാഭരിതവുമായ ജീവിതത്തെയും പാപ്പാ എടുത്തു പറഞ്ഞു. ജീവിതത്തിൽ ഏറ്റ മുറിവുകളാണ്, കൂടുതൽ കർത്താവിനെ കണ്ടെത്തുവാൻ തന്നെ പ്രേരിപ്പിച്ചതെന്നും പാപ്പാ പറഞ്ഞു. ഭൗതികമായി വളരെ ദരിദ്രരായിരുന്നു അവരെങ്കിലും, വിശ്വാസത്താൽ സമ്പന്നരായിരുന്നുവെന്നു പാപ്പാ അടിവരയിട്ടു. അതിനാൽ ദൈവത്തിന്റെ ശബ്ദം കണ്ടെത്തുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു. ഇതിനു നിശബ്ദതയുടെ പ്രാധാന്യവും പാപ്പാ അടിവരയിട്ടു. അതുപോലെ നിരവധി ശബ്‌ദങ്ങൾക്കിടയിൽ, സത്യം അന്വേഷിക്കണമെന്നും, ഏതെങ്കിലും കാര്യങ്ങൾ ദൈവത്തിൽ നിന്ന് അകറ്റുന്നുവെങ്കിൽ, അത് സത്യമല്ല എന്നുളളത് മറക്കരുതെന്നും പാപ്പാ പറഞ്ഞു.

തുടർന്ന്, ദൈവം നമ്മുടെ സ്വരം തിരിച്ചറിയുന്നുവെന്ന  യാഥാർഥ്യം മനസിലാക്കണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. നമ്മുടെ പ്രാർത്ഥനകൾ അവൻ  കേൾക്കുകയും, നമുക്ക് ഉത്തരം നൽകുകയും ചെയ്യുമെന്നുമുള്ള ബോധ്യം നമ്മിൽ വളർത്തണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. പ്രാർത്ഥന കൃത്യമായി ഒരു സ്വതന്ത്ര ശബ്ദമാണ് എന്നും അത് നമ്മുടെ സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ പാപ്പാ, കർത്താവ് തന്റെ വചനത്താൽ നമുക്ക് ഉത്തരം നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി.

അതുപോലെ തന്നെ കർത്താവിന്റെ ശബ്‌ദം തിരിച്ചറിയുവാൻ അവനെ ശ്രവിക്കേണ്ടത് ഏറെ ആവശ്യമെന്നും എടുത്തു പറഞ്ഞു. സഭയിൽ പ്രതിധ്വനിക്കുന്നത് കർത്താവിന്റെ തന്നെ ശബ്ദം ആണെന്നും, രക്ഷയുടെ വാഗ്ദാനമായി മനുഷ്യർക്ക് നല് കിയ പഴയതും പുതിയതുമായ എല്ലാ തിരുവെഴുത്തുകളും അവിടുന്ന് നിറവേറ്റുന്നുവെന്നും പാപ്പാ പറഞ്ഞു. അതിനാൽ വിശ്വാസത്തിന്റെ യാത്രയിൽ ആരും തനിച്ചല്ലെന്നും, പരസ്പരമുള്ള ബന്ധത്തിൽ മാത്രമാണ് വിശ്വാസം സജീവം ആകുന്നതെന്നും പാപ്പാ പറഞ്ഞു.

നാം സത്യത്തിന്റെ ശിഷ്യന്മാരായതുകൊണ്ട്, ലൗകികമായ ഉപരിപ്ലവങ്ങളിൽ നിന്നും നാം സ്വതന്ത്രർ ആയിരിക്കണമെന്നും, മാറ്റത്തിന്റെ നായകന്മാരായി മാറാൻ യുവജനങ്ങൾ  വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഡിജിറ്റൽ മേഖലയിലുള്ള സുവിശേഷവത്കരണത്തിൽ യുവജനങ്ങളുടെ പങ്കും പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്തുവിനെപ്പോലെ, അവന്റെ മാതൃക പിന്തുടർന്ന് കൊണ്ട്, യഥാർത്ഥ മനുഷ്യരായി തീരുവാനുള്ള ആഹ്വാനവും പാപ്പാ യുവജനങ്ങൾക്ക് നൽകി. നമ്മുടെ കാലത്തെ ഭൗതികവും ആത്മീയവുമായ ദാരിദ്ര്യത്തിന് മുന്നിൽ സുവിശേഷത്തിന്റെ മിഷനറിമാരായിരിക്കുക എന്ന ഉപദേശവും പാപ്പാ നൽകി.

Tags

Share this story

From Around the Web