ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികള്‍ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനം: പാപ്പാ
വത്തിക്കാനില്‍ സ്ഥിതി ചെയ്യുന്ന, തെവുതോണികോ പൊന്തിഫിക്കല്‍ സെമിനാരിയിലെ അംഗങ്ങളുമായി, ലിയോ പതിനാലാമന്‍ പാപ്പാ, ഒക്ടോബര്‍ മാസം മൂന്നാം തീയതി, കൂടിക്കാഴ്ച്ച നടത്തുകയും അവര്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു.
കോളജ് സ്ഥാപിതമായതിന്റെ നൂറ്റിയന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ കൂടിക്കാഴ്ച്ച നടന്നത്. പാപ്പാ, തന്റെ സന്ദേശത്തില്‍, അംഗങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ തനിക്കുള്ള അതിയായ സന്തോഷം ആമുഖമായി എടുത്തു പറഞ്ഞു. എട്ടാം നൂറ്റാണ്ടു മുതല്‍ റോമന്‍ സാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് റോമിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക്, ഒരു പ്രധാന ആധികാരിക കേന്ദ്രമായി നിലംകൊണ്ടത്, തെവുതോണികോ കാമ്പോ സാന്തോ ആയിരുന്നുവെന്നും, തുടര്‍ന്ന്, പത്തൊന്‍പതാം നൂറ്റാണ്ടില്‍, ജര്‍മ്മന്‍ സാമ്രാജ്യത്തിലെ കുല്‍തുര്‍കാംഫിന്റെ സഭാപരമായ രാഷ്ട്രീയ നടപടികള്‍ കാരണം പുരോഹിതരുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടപ്പോള്‍, വത്തിക്കാനിലെ ഈ സ്ഥലം അതത് രാജ്യങ്ങളിലെ പുരോഹിതന്മാര്‍ക്ക് ഇടമൊരുക്കിയതും പാപ്പാ എടുത്തു പറഞ്ഞു.
ജര്‍മ്മന്‍ സംസാരിക്കുന്ന വിവിധ രാജ്യങ്ങളിലെ വൈദികര്‍ക്ക് അപ്രകാരം ഈ ഒരു സ്ഥലം, അഭയകേന്ദ്രമായി മാറിയെന്നും, പിന്നീട് ക്രിസ്ത്യന്‍ പുരാവസ്തുശാസ്ത്രം, സഭാ ചരിത്രം, ക്രിസ്ത്യന്‍ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേഷണം എന്നിവയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമായി ഈ സ്ഥലം മാറിയെന്നും പറഞ്ഞ പാപ്പാ, ആര്‍ച്ച്കോണ്‍ഫ്രറ്റേണിറ്റിയുടെ ആതിഥ്യമര്യാദയ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു.
വര്‍ത്തമാന കാലത്തെ വെല്ലുവിളികളെ നേരിടുമ്പോള്‍, വൈദികര്‍ക്ക്, അവരവരുടെ മാതൃരാജ്യത്തിലെ ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും, ഉള്ളിലുള്ള പ്രത്യാശയ്ക്ക് സാക്ഷ്യം നല്‍കുവാനും, ഈ പരിശീലന കേന്ദ്രം സഹായകരമാണെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.
കോളേജിന്റെ ഒരു പ്രത്യേക സവിശേഷത, വിശുദ്ധ പത്രോസ് അപ്പോസ്തലന്റെ ശവകുടീരത്തോടുള്ള അതിന്റെ അതുല്യമായ സാമീപ്യമാണെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ, ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലുടനീളം, അതിന്റെ തുടക്കം മുതല്‍ തന്നെ, പരിശുദ്ധ പിതാക്കന്മാരോടുള്ള വിശ്വസ്തമായ വിധേയത്വം പാലിച്ചിട്ടുണ്ടെന്നും എടുത്തുപറഞ്ഞു.
2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, ഈ കോളജിനു പൊന്തിഫിക്കല്‍ പദവി നല്‍കിയിരുന്നു. അതിനാല്‍, പത്രോസിന്റെ പിന്‍ഗാമിയുമായും, മെത്രാന്മാരുമായുള്ള അടുപ്പവും, ഐക്യവും നിലനിര്‍ത്തണമെന്ന് പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
ക്രിസ്തുവിലുള്ള ഈ ഏക വിശ്വാസമാണ് വിശ്വാസികള്‍ക്കിടയിലെ ഐക്യത്തിന്റെ അടിസ്ഥാനമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. യേശു ഇതിനു വേണ്ടിയാണ് തന്റെ പിതാവിനോട് പ്രാര്‍ത്ഥിച്ചതെന്നും ഇത്, വിശ്വാസയോഗ്യമായ സാക്ഷ്യത്തിനു ഏറെ ആവശ്യമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.