സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ഫെയര്‍നെസ് ക്രീം വിനയായി. നാഗ്പൂരില്‍ 18 സ്ത്രീകള്‍ക്ക് വൃക്കരോഗം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലാണ് സ്ത്രീകള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്
നാഗ്പൂര്‍: വെളുക്കാന്‍ വേണ്ടി ഉപയോഗിച്ച സൗന്ദര്യവര്‍ധക ക്രീമുകള്‍ വിനയായി മാറി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 18 സ്ത്രീകള്‍ക്ക് ഗുരുതരമായ വൃക്കരോഗങ്ങള്‍ പിടിപെട്ടു. സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളിലൂടെയും വാങ്ങിയ 'ഗോറി ബ്യൂട്ടി ക്രീം' ഉള്‍പ്പെടെയുള്ള ഫെയര്‍നെസ് ക്രീമുകള്‍ ഉപയോഗിച്ചവരിലാണ് ഈ ഞെട്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലാണ് ഇത്രയും സ്ത്രീകള്‍ സമാനമായ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് ഭരണവിഭാഗം നടത്തിയ പരിശോധനയില്‍ ഈ ക്രീമുകളില്‍ അനുവദനീയമായതിലും വളരെ ഉയര്‍ന്ന തോതില്‍ മെര്‍ക്കുറി, ലെഡ് തുടങ്ങിയ വിഷാംശങ്ങളുള്ള ഘനലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കുന്നതിനായി മെലാനിന്‍ ഉല്‍പ്പാദനം തടയുകയാണ് ഇത്തരം ക്രീമുകള്‍ ചെയ്യുന്നത്. എന്നാല്‍ ഇവയിലെ ഉയര്‍ന്ന മെര്‍ക്കുറിയുടെ സാന്നിധ്യം ചര്‍മത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും രക്തത്തില്‍ കലര്‍ന്ന് നേരിട്ട് വൃക്കകളെ ബാധിക്കുകയും ചെയ്യുന്നു.
ഗോറി ബ്യൂട്ടി ക്രീമിന് പുറമെ 'ഫെയ്‌സ് ഫ്രഷ് ഗോള്‍ഡ്', 'ഗോള്‍ഡന്‍ സ്റ്റാര്‍ ബ്യൂട്ടി ക്രീം' തുടങ്ങിയവയിലും അപകടകരമായ രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.
രോഗബാധകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എഫ്ഡിഎ നാഗ്പൂരിലെ വിവിധ കടകളിലും ഗോഡൗണുകളിലും വ്യാപകമായ റെയ്ഡുകള്‍ നടത്തുകയും ക്രീമുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ലേബലുകളില്‍ നിര്‍മാതാക്കളുടെ വിലാസമോ, നിര്‍മിച്ച തീയതിയോ, എക്‌സ്പയറി തീയതിയോ കൃത്യമായി രേഖപ്പെടുത്താതെയാണ് ഇവ വിപണിയില്‍ എത്തിയിരുന്നത്. ഇവ ഉപയോഗിക്കുന്നവര്‍ അടിയന്തരമായി അത് നിര്‍ത്തണമെന്നും, സ്റ്റോക്കുകള്‍ പിന്‍വലിക്കാന്‍ വിതരണക്കാര്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കും നിര്‍ദേശം നല്‍കിയതായും എഫ്ഡിഎ കമ്മീഷണര്‍ വ്യക്തമാക്കി.
ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ട് ഇത്തരം ക്രീമുകള്‍ വാങ്ങി ഉപയോഗിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മെര്‍ക്കുറി അടങ്ങിയ ക്രീമുകളുടെ ദീര്‍ഘകാല ഉപയോഗം വൃക്കകളെ മാത്രമല്ല, നാഡീവ്യൂഹത്തെയും കരളിനെയും ഗുരുതരമായി ബാധിക്കും. കൂടാതെ ഓര്‍മക്കുറവ്, വിറയല്‍, വിഷാദരോഗം, ചര്‍മത്തിലെ അലര്‍ജികള്‍ എന്നിവയ്ക്കും ഇത് കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.