വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ ഫെയ്സ്ബുക്ക്; എല്ലാവർക്കും സൗജന്യമായി ‘വെരിഫൈഡ് ബാഡ്ജ്’ നേടാം!
വ്യാജ അക്കൗണ്ടുകള്‍ക്കും എ.ഐ നിര്‍മ്മിത പ്രൊഫൈലുകള്‍ക്കും തടയിടാന്‍ പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്. സാധാരണ ഉപയോക്താക്കള്‍ക്കും തങ്ങളുടെ അക്കൗണ്ട് യഥാര്‍ത്ഥ വ്യക്തിയുടേതാണെന്ന് തെളിയിക്കാന്‍ സൗജന്യമായി വെരിഫിക്കേഷന്‍ ബാഡ്ജ് സ്വന്തമാക്കാന്‍ സഹായിക്കുന്ന 'ഫെയ്‌സ്ബുക്ക് വെരിഫൈഡ്' എന്ന സേവനമാണ് കമ്പനി അവതരിപ്പിച്ചത്. പ്രശസ്തരായ വ്യക്തികള്‍ക്കും പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ തുക നല്‍കുന്നവര്‍ക്കും മാത്രമായി നല്‍കിയിരുന്ന വെരിഫിക്കേഷന്‍ ബാഡ്ജില്‍ നിന്നാണ് ഈ പുതിയ മാറ്റം.
വെരിഫിക്കേഷന്‍ ബാഡ്ജ് എങ്ങനെ സ്വന്തമാക്കാം?
ഉപയോക്താക്കള്‍ ഒരു ചെറിയ സെല്‍ഫി വീഡിയോ ഫെയ്‌സ്ബുക്കിന് നല്‍കേണ്ടതുണ്ട്. ഈ വീഡിയോ പ്രൊഫൈലിലെ ചിത്രങ്ങളുമായി എ.ഐ സാങ്കേതികവിദ്യ വഴി താരതമ്യം ചെയ്യുകയും അക്കൗണ്ട് യഥാര്‍ത്ഥ മനുഷ്യന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. ഈ സേവനത്തിനായി ഉപയോക്താക്കള്‍ തുകയൊന്നും നല്‍കേണ്ടതില്ല. വെരിഫൈ ചെയ്ത അക്കൗണ്ടുകളിലെ പേരുകള്‍ക്കൊപ്പം വെള്ള പശ്ചാത്തലത്തില്‍ കറുത്ത നിറത്തിലുള്ള ചെക്ക്മാര്‍ക്ക് കാണാം.
ഫീച്ചര്‍ ഉപയോഗിക്കാന്‍ ഉപയോക്താവിന് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം. അക്കൗണ്ടിന് മുന്‍കാലങ്ങളില്‍ വഞ്ചനാപരമായ പെരുമാറ്റം, തട്ടിപ്പുകള്‍ അല്ലെങ്കില്‍ മറ്റ് സ്‌കാമുകള്‍ എന്നിവയുടെ ചരിത്രം ഉണ്ടാകരുത്. വെരിഫൈ ചെയ്ത ശേഷവും ഫെയ്‌സ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകളും കൊമേഴ്സ് പോളിസികളും അക്കൗണ്ട് ഉടമ കര്‍ശനമായി പാലിക്കണം. അക്കൗണ്ട് ഉടമ ഒരു യഥാര്‍ത്ഥ വ്യക്തിയാണെന്ന് മാത്രമാണ് ഈ ബാഡ്ജ് ഉറപ്പുനല്‍കുന്നത്. എന്നാല്‍ ഉപയോക്താവിന്റെ വ്യക്തിപരമായ പെരുമാറ്റത്തിനോ പ്ലാറ്റ്ഫോമിലെ സുരക്ഷയ്‌ക്കോ ഫെയ്‌സ്ബുക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം വഹിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.