എസ്രയുടെ പുസ്തകം പ്രചോദനമായി; അമേരിക്കയുടെ 250-ാം വാര്‍ഷികത്തില്‍ സമ്പൂര്‍ണ ബൈബിള്‍ ഉച്ചത്തില്‍ വായിക്കും

 
bible

വാഷിംഗ്ടണ്‍ ഡിസി: യുഎസ്എയുടെ 250-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി വാഷിംഗ്ടണ്‍ ഡി.സിയില്‍ അത്യപൂര്‍വമായ വിശ്വാസ സംഗമം. ‘അമേരിക്ക റീഡ്സ് ദ ബൈബിള്‍’എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ ഏകദേശം 500 ഓളം പ്രമുഖര്‍ ചേര്‍ന്ന് വിശുദ്ധ ബൈബിള്‍ ആദ്യാവസാനം ഉച്ചത്തില്‍ വായിക്കും.

ബൈബിളിലെ ‘എസ്രാ’യുടെ പുസ്തകത്തില്‍ വിവരിക്കുന്ന പരസ്യമായ തിരുവെഴുത്ത് വായനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ പശ്ചാത്താപത്തിനും ആത്മീയ നവീകരണത്തിനും വായന വഴിതെളിക്കുമെന്ന് സംഘാടകര്‍ വിശ്വസിക്കുന്നു. ‘ക്രിസ്ത്യന്‍സ് എന്‍ഗേജ്ഡ്’ എന്ന എന്‍ജിഒയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഏപ്രില്‍ 19 മുതല്‍ 25 വരെ  വാഷിംഗ്ടണ്‍ ഡി.സി.യിലെ മ്യൂസിയം ഓഫ് ദ ബൈബിളില്‍’ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഈ വായന നടക്കുന്നത്.

ബൈബിളിന്റെ ‘കിംഗ് ജെയിംസ് വേര്‍ഷന്‍’ ആണ് വായിക്കുന്നത്. വിവിധ സഭാനേതാക്കള്‍ക്ക് പുറമെ രാഷ്ട്രീയക്കാര്‍, ചലച്ചിത്ര താരങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, തുടങ്ങി വിവിധ തുറകളിലുള്ള 495 പേര്‍ വായനയില്‍ പങ്കുചേരും. ‘കത്തോലിക് വോട്ട്’ പ്രസിഡന്റ് കെല്‍സി റെയ്ന്‍ഹാര്‍ട്ട്, കത്തോലിക്കാ എഴുത്തുകാരന്‍ അലന്‍ റൈറ്റ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ, ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്, സെനറ്റര്‍മാരായ ടെഡ് ക്രൂസ്, ചക്ക് ഗ്രാസ്ലി, ഹോളിവുഡ് നടി പട്രീഷ്യ ഹീറ്റണ്‍, നടന്‍ ഡീന്‍ കെയ്ന്‍, പ്രോ-ലൈഫ് പ്രവര്‍ത്തകരായ മാര്‍ജറി ഡാനന്‍ഫെല്‍സര്‍, ആബി ജോണ്‍സണ്‍ തുടങ്ങിയ പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കുചേരും.

Tags

Share this story

From Around the Web