നവ സന്യാസിനികളുടെ പ്രഥമ വ്രതവാഗ്ദാന ചടങ്ങിനെത്തിയവരെ തടഞ്ഞ് തീവ്രഹിന്ദുത്വ സംഘടനകള്‍
സാഗര്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലുള്ള കോണ്‍വെന്റിലെത്തിയ ക്രൈസ്തവരെ ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞു.
സാഗര്‍ രൂപതയ്ക്കു കീഴിലുള്ള ഹോളിഫാമിലി സന്യാസിനീ സമൂഹത്തിലെ നവസന്യാസിനികളുടെ പ്രഥമ വ്രതവാഗ്ദാന ചടങ്ങിനെത്തിയ കുടുംബാംഗങ്ങളെയാണ് വെള്ളിയാഴ്ച രാത്രിയില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ച് തടഞ്ഞത്.
ഖുറായ് ടൗണിലെ ബീന റോഡിലുള്ള ഹോളി ഫാമിലി കോണ്‍വെന്റ് കാമ്പസിലായിരുന്നു സംഭവം.
ഇന്നലെ രാവിലെ നടന്ന ചടങ്ങിനായി ഒഡീഷ, ബിഹാര്‍, ആസാം എന്നിവിടങ്ങളില്‍നിന്നുള്ള നവസന്യാസിനികളുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തലേന്ന് എത്തുകയും ഇവര്‍ 25 പേര്‍ക്കായി താമസ സൗകര്യം സജ്ജീകരിക്കുകയും ചെയ്തിരുന്നു.
സംഭവം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ കോണ്‍വെന്റിലേക്ക് പാഞ്ഞടുത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു.
പ്രാര്‍ത്ഥന യോഗത്തിനായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആളുകളെ എത്തിച്ചിട്ടുണ്ടെന്നും ഇത് മതപരിവര്‍ത്തന ശ്രമത്തിന്റെ ഭാഗമാണെന്നും പ്രതിഷേധക്കാര്‍ തെറ്റായി ആരോപിച്ചു.
സംഘര്‍ഷം രൂക്ഷമായതോടെ ഖുറായ്, ബീന, ഖിംലാസ എന്നീ സ്റ്റേഷനുകളില്‍നിന്നുള്ള പോലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
തങ്ങള്‍ ക്രൈസ്തവ വിശ്വാസികളാണെന്നും വിശ്വാസപരമായ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയതാണെന്നും അവര്‍ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറിയില്ല.
സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റുമായും സ്ഥലത്തുണ്ടായിരുന്ന ആളുകളുമായും സംസാരിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ക്രൈസ്തവ സ്ഥാപനങ്ങളില്‍ ഒത്തുചേരുന്നവരെ മതപരിവര്‍ത്തനത്തിന് കൂട്ടിക്കൊണ്ട് വന്നവര്‍ എന്ന ലേബലിലാണ് തീവ്രഹിന്ദുത്വ സംഘടനകള്‍ കാണുന്നത്.
എന്നാല്‍ യഥാര്‍ത്ഥ സത്യം വിവരിച്ചാലും ഇതിനെ അംഗീകരിക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ തയാറാകുന്നില്ലായെന്നതാണ് ഖേദകരമായ വസ്തുത.