പശ്ചിമ ബംഗാളില്‍ നിര്‍മ്മാണത്തിലിരുന്ന ക്രൈസ്തവ ആരാധനാലയം തകര്‍ത്ത് തീവ്രഹിന്ദുത്വവാദികള്‍

 
NEWS



കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിര്‍മ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയത്തിന് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം. കൊല്‍ക്കത്തയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സോനാര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സുഭാഷ്ഗ്രാമിലാണ് സംഭവം.


 'ഹിന്ദു ജാഗരണ്‍ മഞ്ച്' പ്രവര്‍ത്തകരാണ് മുദ്രാവാക്യങ്ങള്‍ വിളിച്ചു ദേവാലയം ആക്രമിച്ചത്. ആരാധനാലയം അടിച്ചുതകര്‍ക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ സോനാര്‍പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നൂറോളം വരുന്ന സംഘം നിര്‍മ്മാണത്തിലിരുന്ന പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.


 പെയിന്റിംഗ് ജോലികള്‍ നടക്കുകയായിരുന്ന പള്ളിയുടെ തടിവാതില്‍ അക്രമികള്‍ ചവിട്ടിപ്പൊളിച്ചു. തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന ഏണി ഉപയോഗിച്ച് പള്ളിക്ക് മുകളില്‍ കയറി മേല്‍ക്കൂരയിലുണ്ടായിരുന്ന മൂന്ന് കുരിശുകള്‍ തകര്‍ത്തു.

 കുരിശ് തകര്‍ത്തപ്പോള്‍ താഴെ നിന്ന തീവ്രഹിന്ദുത്വവാദികള്‍ കരഘോഷം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രദേശത്ത് പണം ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ തങ്ങള്‍ 2017 മുതല്‍ ഇവിടെ താമസിക്കുന്നവരാണെന്നും പാവപ്പെട്ട കുടുംബങ്ങളായ തങ്ങള്‍ക്ക് മതപരിവര്‍ത്തനം നടത്താന്‍ എവിടെ നിന്നാണ് പണമെന്നും വിശ്വാസികള്‍ ചോദിക്കുന്നു. 

പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ കീഴില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന് നേരെയാണ് ആക്രമണം അരങ്ങേറിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web