സുവിശേഷത്തിന്റെ സന്ദേശം പൂര്‍ണമായും ജീവിതത്തില്‍ പകര്‍ത്താനുള്ള തീക്ഷ്ണത തീവ്രവാദമല്ലെന്ന് ലിയോ പാപ്പ
അസീസി/ഇറ്റലി: സുവിശേഷത്തിന്റെ സന്ദേശം പൂര്‍ണമായും ജീവിതത്തില്‍ പകര്‍ത്താനുള്ള തീക്ഷ്ണത തീവ്രവാദമല്ലെന്ന് ലിയോ 14-ാമന്‍ പാപ്പ.
ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന സ്നേഹത്തിലേക്ക് നയിക്കുന്ന സുവിശേഷ തീക്ഷ്ണത നമ്മെ മതാന്ധത ബാധിച്ചവരോ അക്രമാസക്തരോ ആക്കുകയല്ല മറിച്ച് കൂടുതല്‍ ആര്‍ദ്രതയും കരുതലുമുള്ളവരാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് അസീസിയില്‍ നടന്ന യുവജനസമ്മേളനത്തില്‍ കരോളിന എന്ന യുവതിയുടെ ചോദ്യത്തിന് മറുപടിയായി പാപ്പ വ്യക്തമാക്കി.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഒരു സംസ്‌കാരത്തില്‍ ചെറുപ്പക്കാര്‍ക്ക് എങ്ങനെ ആജീവനാന്തം തുടരേണ്ട പ്രതിബദ്ധതകള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നായിരുന്നു ഇറ്റലിയില്‍ നിന്നുള്ള ജോവാനിയുടെ ചോദ്യം.
തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുന്നതിലല്ല, മറിച്ച് ദൈവത്തിന്റെ വിളിയെ ആത്മവിശ്വാസത്തോടെ സ്വീകരിക്കുന്നതിലാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം സ്ഥിതിചെയ്യുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു.
ഓരോ ദൈവവിളിയെയും ദൈവത്തോടൊപ്പം ഒന്നിച്ചു നടത്തുന്ന ഒരു യാത്രയായി വിശേഷിപ്പിച്ച പാപ്പ 'സ്നേഹിക്കുക എന്ന് ഒരു പുറപ്പെടല്‍' ആണെന്ന് പറഞ്ഞു.
സഭയ്ക്കുള്ളിലെ പ്രതിസന്ധികളെയും മുറിവുകളെയും കുറിച്ചായിരുന്നു സിസിലിയില്‍ നിന്നുള്ള ലൂയിജിയുടെ ചോദ്യം.
കുറവുകളുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിച്ച പാപ്പ കുറവുകളെ വിമര്‍ശിക്കാതെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയെപ്പോലെ പ്രാര്‍ത്ഥന, സേവനം, കൂദാശകള്‍, സഹോദരസ്നേഹം എന്നിവയിലൂടെ സഭയെ നവീകരിക്കാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്തു.
വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800 -ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന 'ഗോ! ഫ്രാന്‍സിസ്‌കന്‍ യൂത്ത് മീറ്റിംഗ് 2026' ല്‍ പങ്കെടുത്ത യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് പാപ്പ മറുപടി നല്‍കിയത്.
യുവജനസംഗമത്തിന്റെയും പാപ്പയുമായുള്ള കൂടിക്കാഴ്ചയുടെയും നല്ല ഓര്‍മകള്‍ക്കൊപ്പം അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ചൈതന്യം കൂടി പേറിക്കൊണ്ടാണ് അസീസിയില്‍ നിന്ന് യുവജനങ്ങള്‍ മടങ്ങിയത്.