സംസ്ഥാനത്ത് കനത്ത ചൂട് . ജാഗ്രതാ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. നേരിട്ടുള്ള വെയിൽ ഒഴിവാക്കുക
സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറംജോലികളിൽ ഏർപ്പെടുന്നവർ ജോലിസമയം രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കേണ്ടതാണ്.
ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണമെന്നും, ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങൾ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഉത്തമമാണെന്നും അധികൃതർ വ്യക്തമാക്കി.
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ ചൂടുകാലത്ത് പ്രത്യേക ശ്രദ്ധ നൽകണം. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകരുത്. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ പാദരക്ഷകളോ നിർബന്ധമായും ഉപയോഗിക്കുക.
വീട്ടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുന്നതോടൊപ്പം കട്ടികൂടിയ വസ്ത്രങ്ങൾ ഒഴിവാക്കി അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ഉചിതമാണ്.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളായ തലകറക്കം, തലവേദന, അമിതമായ ക്ഷീണം, ബോധക്ഷയം എന്നിവ കണ്ടാൽ ഉടനടി തണലത്തേക്ക് മാറി വിശ്രമിക്കുകയും ചികിത്സ തേടുകയും വേണം.
തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുന്നതും ഫാൻ, എ.സി എന്നിവയുടെ സഹായം തേടുന്നതും ശരീരതാപം കുറയ്ക്കാൻ സഹായിക്കും.
കടകളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തണം. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും കുടിവെള്ളം ഉറപ്പാക്കാനും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.