കൊടുംചൂട് തീറ്റയില്ലാതാക്കി; കാട്ടുപോത്തിന് ചന്ദനമരം തീറ്റ, വനംവകുപ്പിന് വലിയ നഷ്ടം

 
kattupothu



മറയൂര്‍ (ഇടുക്കി): മഴ മറയൂരില്‍നിന്ന് മാറിനിന്നതിനാല്‍ ചന്ദനക്കാടുകളില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. തീറ്റയില്ലാതെ വലയുന്ന കാട്ടുപോത്തുകള്‍ ചന്ദനമരങ്ങള്‍ കുത്തിമറിച്ചിട്ട് ഇലകളും ചെറുകമ്പുകളും തിന്നുന്നു.

ചെറുതും വലുതുമായ നൂറുകണക്കിന് ചന്ദനമരങ്ങളാണ് മറയൂര്‍ റേഞ്ചിലെ നാച്ചിവയല്‍ ചന്ദനറിസര്‍വില്‍ കാട്ടുപോത്തുകള്‍ മറിച്ചിട്ടത്. ചെറുമരങ്ങളാണ് കൂടുതലും.

പൂര്‍ണ വളര്‍ച്ചയെത്താത്ത ചന്ദനമരങ്ങള്‍ ലേലത്തിന് വെക്കാന്‍ കഴിയില്ല. വനംവകുപ്പിന് വലിയനഷ്ടമാണ് ഉണ്ടാകുന്നത്.

കനത്തചൂടില്‍ അടിക്കാടുകള്‍ ഇല്ലാതായതോടെയാണ് കാട്ടുപോത്തുകള്‍ തീറ്റയ്ക്കായി ചന്ദനമരങ്ങളെ ആശ്രയിക്കുന്നത്.

മറയൂരില്‍ മഴ ഇല്ലാതായിട്ട് മാസങ്ങളായി. വരള്‍ച്ചയും കടുത്തചൂടുംമൂലം മണ്ണിലെ ഈര്‍പ്പം വേഗം ഇല്ലാതാവും. വലിയമരങ്ങളെ അപേക്ഷിച്ച് വേരുകള്‍ ആഴത്തിലില്ലാത്ത അടിക്കാടുകളിലെ ചെറിയ ചെടികള്‍ ഉണങ്ങി നശിക്കുകയാണ്. 

അങ്ങിനെയാണ് അടിക്കാടുകള്‍ ഇല്ലാതായത്.കാട്ടുതീയും അടിക്കാടുകളെ ഇല്ലാതാക്കുന്നുണ്ട്. അധിനിവേശസസ്യങ്ങളുടെ വ്യാപനവും പ്രശ്നമാണ്. വനത്തില്‍ തീറ്റയില്ലാത്തതിനാല്‍ മറ്റ് മൃഗങ്ങളും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്.

വര്‍ഷംതോറും മൂന്നുമുതല്‍ അഞ്ചുശതമാനംവരെ ചന്ദനമരങ്ങള്‍ കാട്ടുപോത്ത് മറിച്ചിട്ടും ഉണങ്ങിയും കാറ്റത്ത് ഒടിഞ്ഞുവീണും നശിക്കാറുണ്ട്. ഇത്തവണ മഴ പെയ്യാതെ വരള്‍ച്ച കൂടുതലാണ്. 

ചന്ദനമരം നിത്യഹരിത ഇനത്തില്‍പ്പെട്ടതാണ്. മറ്റ് തീറ്റ ലഭിക്കാതെവരുമ്പോള്‍ തൊലിയും ഇലയും തിന്നുവാനാണ് ചന്ദനമരം കാട്ടുപോത്ത് മറിച്ചിടുന്നത്.- അബ്ജു കെ. അരുണ്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, മറയൂര്‍

Tags

Share this story

From Around the Web