സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ വരും ദിവസങ്ങളിലും കഠിനമായ ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വരെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില പ്രതീക്ഷിക്കുന്നത്. ഇവിടെ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ട്. കൊല്ലത്ത് 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയുമാണ് താപനില ഉയരുക. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെട്ടേക്കാം.
സാധാരണ ലഭിക്കേണ്ടതിനേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളൊഴികെ എല്ലായിടത്തും കടുത്ത അസ്വസ്ഥത അനുഭവപ്പെടും. അതേസമയം, ഇന്ന് ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ പാലിക്കണം.