കേരളത്തില്‍ കടുത്ത ചൂടും ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികളും; മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്
മഴയ്ക്ക് വിരാമമായതോടെ സംസ്ഥാനത്ത് താപനില വീണ്ടും ഉയരുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച (സെപ്റ്റംബര്‍ 5) പുനലൂരില്‍ 36.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ആശങ്കാജനകമാംവിധം ഉയര്‍ന്നിട്ടുണ്ട്.
സൂപ്പര്‍ എല്‍നിനോ പ്രതിഭാസവും സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നതുമാണ് ഈ പെട്ടെന്നുള്ള താപനില വര്‍ദ്ധനവിന് കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.
പകല്‍ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുക.
നിര്‍ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. യാത്രകളില്‍ കുടയോ തൊപ്പിയോ ഉപയോഗിക്കാനും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കുക.
ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ ഉണ്ടാകാനും വിപണികള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടുത്തങ്ങള്‍ വ്യാപിക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്. അതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനം നടത്തുന്നവരും അതീവ ജാഗ്രത പുലര്‍ത്തണം.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, കര്‍ഷകത്തൊഴിലാളികള്‍, തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
കുട്ടികളുടെ അസംബ്ലികളും ഉച്ചയേറിയ സമയങ്ങളിലെ മറ്റ് ഔട്ട്‌ഡോര്‍ പരിപാടികളും ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പങ്കെടുക്കുന്നവര്‍ക്ക് തണലും കുടിവെള്ളവും ഉറപ്പാക്കേണ്ടതാണ്. കന്നുകാലികളെ വെയിലത്ത് കെട്ടിയിടുന്നതും ഉച്ചസമയത്ത് മേയാന്‍ വിടുന്നതും ഒഴിവാക്കണം.
വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കണമെന്നും, പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ ഒറ്റയ്ക്ക് ഇരുത്തി പോകരുതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.
ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.