ഓണത്തിന് അധിക അരിയും പ്രത്യേക വിഹിതവും ; റേഷൻ കടകൾ വഴി കൂടുതൽ ഭക്ഷ്യധാന്യങ്ങൾ നൽകാൻ സർക്കാർ തീരുമാനം

 
Onam

ഓണക്കാലത്തെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി റേഷൻ കടകൾ വഴി കൂടുതൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. വെള്ള, നീല കാർഡുടമകൾക്കാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക വിഹിതം ഉൾപ്പെടെ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നത്. ഓഗസ്റ്റിലെ സാധാരണ റേഷൻ വിഹിതത്തിന്റെ വിതരണം ഓഗസ്റ്റ് 3 – ന് ആരംഭിക്കും. 26 രൂപ നിരക്കിലുള്ള പ്രത്യേക അരിവിതരണം 10-ാം തീയതിയോടെ തുടങ്ങും. എന്നാൽ, മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിലവിൽ ആവശ്യത്തിന് ധാന്യങ്ങൾ ഉള്ളതിനാൽ പ്രത്യേക വിഹിതം അനുവദിച്ചിട്ടില്ല.

വെള്ള കാർഡ് ഉടമകൾക്ക് സാധാരണ വിഹിതമായ നാലുകിലോ അരി ഏഴുകിലോയാക്കി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ഉയർത്തിയിട്ടുണ്ട്. ഇതിനുപുറമേ 10 കിലോ അരി 26 രൂപ നിരക്കിൽ പ്രത്യേക വിഹിതമായും ലഭിക്കുന്നതോടെ ആകെ 17 കിലോ അരി ലഭിക്കും. ഒപ്പം രണ്ടു കിലോ ഗോതമ്പും 8.70 രൂപ നിരക്കിലും താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് നാലുകിലോ വരെ ആട്ട 17 രൂപ നിരക്കിലും വാങ്ങിടാം. നീല കാർഡ് ഉടമകൾക്ക് ഓരോ അംഗത്തിനും രണ്ടു കിലോ അരിവീതം നാലുരൂപ നിരക്കിൽ സാധാരണ വിഹിതമായി കിട്ടും. പുറമേ 13 കിലോ അരി പ്രത്യേക വിഹിതമായി നൽകും. ഇതിൽ മൂന്നു കിലോ 10.90 രൂപ നിരക്കിലും 10 കിലോ 26 രൂപ നിരക്കിലുമാണു നൽകുക. കൂടാതെ രണ്ടു കിലോ ഗോതമ്പും സ്റ്റോക്കനുസരിച്ച് ആട്ടയും ലഭിക്കും. വെള്ള, നീല കാർഡുകാർക്കു പുറമേ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള തവിട്ട് അഥവാ എൻ.പി.ഐ. കാർഡിനും 26 രൂപ നിരക്കിൽ 10 കിലോ അരി നൽകും.

Also Read:മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി; കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ സംഘർഷം

ഈ മാസത്തെ പൊതുവായ റേഷൻ വിഹിതപ്രകാരം മഞ്ഞ കാർഡുകാർക്ക് 30 കിലോ അരിയും രണ്ടുകിലോ ഗോതമ്പും സൗജന്യമായും മൂന്നു പാക്കറ്റ് ആട്ട ഏഴു രൂപ നിരക്കിലും ലഭിക്കും. പിങ്ക് കാർഡ് ഉടമകൾക്ക് ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമ്പോൾ സ്റ്റോക്കിനനുസരിച്ച് ഗോതമ്പിനു പകരം ആട്ട ഒൻപതു രൂപ നിരക്കിൽ സ്വന്തമാക്കാം. നീല കാർഡ് ഉടമകൾക്ക് അംഗങ്ങൾക്ക് രണ്ടു കിലോ അരി വീതം നാലുരൂപ നിരക്കിലും, കാർഡിന് മൂന്നു കിലോ അരി 10.90 രൂപ നിരക്കിലും 10 കിലോ അരി 26 രൂപ നിരക്കിലും ലഭിക്കും. ഒപ്പം രണ്ടു കിലോ ഗോതമ്പ് 8.70 രൂപ നിരക്കിലും നാലുകിലോ വരെ ആട്ട 17 രൂപ നിരക്കിലും ലഭിക്കും. വെള്ള കാർഡുകാർക്ക് ഏഴുകിലോ അരി 10.90 രൂപ നിരക്കിലും 10 കിലോ അരി 26 രൂപ നിരക്കിലും ലഭിക്കുമ്പോൾ, രണ്ടു കിലോ ഗോതമ്പും സ്റ്റോക്കനുസരിച്ച് നാലുകിലോ വരെ ആട്ടയും ഒപ്പം ലഭിക്കും. തവിട്ട് കാർഡിന് രണ്ടുകിലോ അരി 10.90 രൂപ നിരക്കിലും പ്രത്യേക വിഹിതമായി 10 കിലോ അരി 26 രൂപ നിരക്കിലും ഒപ്പം രണ്ടുകിലോ ഗോതമ്പും ഒരുകിലോ ആട്ടയും ലഭിക്കുന്നതാണ്.

മണ്ണെണ്ണ വിഹിതത്തെ സംബന്ധിച്ച്, വൈദ്യുതിയുളള വീടുകളിലെ മഞ്ഞ കാർഡിന് ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ ക്വാർട്ടറിൽ ഒരു ലിറ്റർ മണ്ണെണ്ണ ലഭിക്കും. പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അരലിറ്റർ വീതവും, വൈദ്യുതിയില്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആറു ലിറ്ററുമാണ് മണ്ണെണ്ണ വിഹിതം അനുവദിച്ചിട്ടുള്ളത്.

Tags

Share this story

From Around the Web