വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: 2020-ലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിനുശേഷം ആദ്യമായി, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഭവങ്ങള്‍ക്ക് ശേഷം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടക്കുന്ന ഈ കൂടിക്കാഴ്ചയെ വിദേശകാര്യമന്ത്രി ചരിത്രപരമെന്ന് വിശേഷിപ്പിച്ചു.
ജയശങ്കര്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ബീജിംഗിലെത്തിയതായിരുന്നു. അതിനിടയിലാണ് അദ്ദേഹം ചൈനീസ് സംസ്ഥാന അധ്യക്ഷനെ നേരില്‍ കണ്ടത്.
'ഇന്ന് രാവിലെ ബീജിംഗില്‍ പ്രസിഡന്റ് ഷിയെ സന്ദര്‍ശിച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആശംസകള്‍ അദ്ദേഹത്തിന് കൈമാറി. നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ സമീപകാല പുരോഗതിയെക്കുറിച്ച് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ഈ ദിശയിലുള്ള നമ്മുടെ നേതാക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തെ ഞാന്‍ വളരെയധികം വിലമതിക്കുന്നു,' ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
2024-ല്‍, ഡെപ്‌സാങ് പ്ലൈന്‍സ്, ഡെംചോക്ക് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള സൈനിക പിന്‍വലിപ്പില്‍ ഇന്ത്യയും ചൈനയും ധാരണയില്‍ എത്തിയിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വഴി തുറക്കുന്നതിനും, അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കുള്ള സ്ഥിരതരമായ പരിഹാരങ്ങള്‍ തേടുന്നതിനും ഈ കൂടിക്കാഴ്ചക്ക് അത്യന്തം പ്രസക്തിയുണ്ടെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.