പ്രോ-ലൈഫ് റാലിക്കുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു; അപലപിച്ച് പാത്രിയാര്‍ക്കീസ്

 
Prolife

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിക്കുനേരെ ആക്രമണം. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് നടന്ന സമാധാനപരമായ പ്രകടനത്തിന് നേരെയാണ് ഒരാള്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. 

കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും അടക്കം നാലായിരത്തോളം പേര്‍ പങ്കെടുത്ത റാലിക്കിടയിലേക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു.

ജനക്കൂട്ടത്തിനിടയിലേക്ക് വീണ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

ലിസ്ബണ്‍ പാത്രിയാര്‍ക്കീസ് ആര്‍ച്ചുബിഷപ് റൂയി വലേരിയോ ആക്രമണത്തെ ശക്തമായി അപലപിച്ചു. ‘ഇത്തരം അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. കുട്ടികള്‍ക്ക് ഭീഷണിയാകുന്ന വിധത്തിലാണ് ആക്രമണം നടന്നതെന്ന വസ്തുത വേദന വര്‍ധിപ്പിക്കുന്നു.

അക്രമത്തിന്റെ ഏത് പ്രവൃത്തിയും, പ്രത്യേകിച്ചും സമാധാനപരമായി നടത്തിയ പ്രകടനത്തിനെതിരെ നടന്ന അക്രമം ശക്തമായി അപലപിക്കപ്പെടേണ്ടതാണ്,’ ആര്‍ച്ചുബിഷപ് പറഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം അക്രമാസക്തമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് മാര്‍ച്ചിന്റെ കോ-ഓര്‍ഡിനേറ്റര്‍ നൂനോ മാര്‍ക്വെസ് അഫോണ്‍സോ പ്രതികരിച്ചു.

റാലിയുടെ ഭാഗമായുള്ള പ്രസംഗങ്ങള്‍ അവസാനിക്കാറായ സമയത്താണ് ആക്രമണം ഉണ്ടായത്.

സംഭവസ്ഥലത്തുണ്ടായിരുന്ന പ്രതിഷേധക്കാര്‍ അക്രമിയെ തടഞ്ഞുവെക്കുകയും തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

39 വയസ്സുകാരനായ പ്രതി മുന്‍പും സമാനമായ രീതിയില്‍ പ്രതിഷേധങ്ങളില്‍ തടസമുണ്ടാക്കിയിട്ടുള്ള ഗ്രൂപ്പിലെ അംഗമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോര്‍ച്ചുഗലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രോ-ലൈഫ് പരിപാടിക്ക് നേരെ ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത്.

Tags

Share this story

From Around the Web