ജര്‍മ്മനിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ പള്ളിയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ് ആക്രമണം

 
balast

മ്യൂണിക്ക്: ജര്‍മ്മനിയിലെ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന നടന്നുകൊണ്ടിരിക്കെ പടക്ക, തീപിടിത്ത സാമഗ്രികള്‍ ഉപയോഗിച്ച് ആക്രമണം. അജ്ഞാതര്‍ പടക്കങ്ങളും തീപ്പന്തങ്ങളും എറിഞ്ഞുക്കൊണ്ടായിരിന്നു ആക്രമണം.

 മ്യൂണിക്-ഫ്രെയ്സിംഗ് അതിരൂപതയ്ക്കു കീഴിലുള്ള ഹാറിനടുത്ത സീര്‍സിയിലെ സെന്റ് ബോനിഫസ് പള്ളിയില്‍ ഒന്നാം ക്ലാസുകാരായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പ്രത്യേക വിശുദ്ധ കുര്‍ബാനയും ആശീര്‍വാദ പ്രാര്‍ത്ഥനയും നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സമയബന്ധിതമായ ഇടപെടല്‍ മൂലം വന്‍ അപകടവും നാശനഷ്ടങ്ങളും ഒഴിവായി.

വിശുദ്ധ കുര്‍ബാന പുരോഗമിക്കുന്നതിനിടെ ദേവാലയത്തിന്റെ പ്രവേശന കവാടത്തിലേക്ക് കടന്ന അജ്ഞാതര്‍, തീ കൊളുത്തിയ വസ്തു അകത്തേക്ക് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു.

 
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഒരാള്‍ സമയോചിതമായി ഇടപെട്ട് കത്തുന്ന വസ്തു സമീപത്തെ അലങ്കാര ജലാശയത്തിലേക്ക് എടുത്തു എറിയുകയായിരിന്നു. ഇതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ ദേവാലയത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തില്ല.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അഞ്ചോളം സ്ഥലങ്ങളില്‍ സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഒരു വ്യാപാര സ്ഥാപനത്തിന്റെ പ്രവേശന കവാടത്തിലും മൂന്ന് വീടുകളുടെ ബാല്‍ക്കണികളിലേക്കും ഇത്തരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞിട്ടുണ്ട്. 

ഏകദേശം 14 വയസ്സ് പ്രായം തോന്നിക്കുന്ന കൗമാരക്കാരനാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുറ്റവാളികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web