പുറമേരിയില്‍ സ്‌കൂള്‍ ബസ്സിനടിയില്‍ സ്‌ഫോടനം: ഒഴിവായത് വന്‍ ദുരന്തം
കോഴിക്കോട്: പുറമേരിയില്‍ സ്‌കൂള്‍ ബസ്സിനടിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. വടകരയിലെ സ്വകാര്യ സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ ടയറിനടിയില്‍ പെട്ടാണ് സ്‌ഫോടനമുണ്ടായത്.
വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ബസ്സിനടിയില്‍ വന്‍ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത് വലിയ പരിഭ്രാന്തി പരത്തി. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്.
ഇന്ന് രാവിലെയാണ് സംഭവം. റോഡിലുണ്ടായിരുന്ന സ്‌ഫോടകവസ്തു ബസ്സിന്റെ ടയറില്‍ തട്ടിയ ഉടന്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തിന് പിന്നാലെ ബസ്സിനടിയില്‍ നിന്ന് പുക ഉയര്‍ന്നതായും വെടിമരുന്നിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായും ഡ്രൈവര്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ബസ്സിന്റെ ടയറിന് കേടുപാടുകള്‍ സംഭവിച്ചു.
സംഭവമറിഞ്ഞ് വടകര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ചിതറിക്കിടക്കുന്ന പത്രക്കടലാസിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ജനവാസ മേഖലയിലെ റോഡില്‍ ഇത്തരത്തില്‍ സ്‌ഫോടകവസ്തു എങ്ങനെയെത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.