ഭൂതോച്ചാടനമെന്ന ശുശ്രൂഷ ഏറെ പ്രധാനപ്പെട്ടത്: ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:ഭൂതോച്ചാടനശുശ്രൂഷയിലേര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ക്ക് ധൈര്യം പകര്‍ന്നും ആളുകള്‍ക്ക് വിടുതലും ആശ്വാസവും പകരുന്ന ഈ ശുശ്രൂഷ ശ്രദ്ധയോടെ തുടരാന്‍ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ.
റോം നഗരത്തിനടുത്ത് സാക്രൊഫാനോ എന്ന നഗരത്തില്‍ നടന്ന 'ഭൂതോച്ചാടകരായ വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ' പതിനഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് അയച്ച തന്റെ സന്ദേശത്തിലൂടെ ഇത്തരമൊരു ശുശ്രൂഷയിലേര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ സഭയില്‍ ചെയ്യുന്ന നന്മയെ പാപ്പാ എടുത്തുകാട്ടി.
ഭൂതോച്ചാടനമെന്നത് ഏറെ സൂക്ഷമായി കൈകാര്യം ചെയ്യേണ്ടതും, എന്നാല്‍ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ഭൂതോച്ചാടനമെന്ന കൗദാശികശുശ്രൂഷയിലൂടെ കര്‍ത്താവ് സാത്താനുമേല്‍ വിജയം നല്‍കാന്‍വേണ്ടിയും, തിന്മയുടെ ശക്തി ആവേശിച്ചിരിക്കുന്ന ആളുകളെ വിടുതലിന്റെ അനുഭവത്തിലേക്ക് നയിക്കുന്നതിനും ആശ്വാസം പകരുന്നതിനും വേണ്ടിയും കര്‍ത്താവിന്റെ സാന്നിദ്ധ്യത്തിനായി അപേക്ഷിക്കാനും പ്രാര്‍ത്ഥിക്കാനും പാപ്പാ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
ഭൂതോച്ചാടനശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ ഉപാധ്യക്ഷനും, സമ്മേളനത്തിന്റെ മോഡറേറ്ററുമായിരുന്ന ഫാ. ഫ്രഞ്ചേസ്‌കോ ബമോന്തെയാണ് സമ്മേളനത്തിന്റെ ആരംഭത്തില്‍ പാപ്പായുടെ സന്ദേശം വായിച്ചത്.
വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നെത്തിയ ഭൂതോച്ചാടകരായ വൈദികരും അവരുടെ സഹായികളുമുള്‍പ്പെടെ മുന്നൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഈ അന്താരാഷ്ട്രസമ്മേളനം നടക്കുന്നത്.
സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് സമ്മേളനത്തിന്റെ വിവരങ്ങള്‍ സംഘടന പങ്കുവച്ചത്.
ചെക് റിപ്പബ്ലിക്കിലെ ബിര്‍ണോ രൂപതയില്‍നിന്നുള്ള മോണ്‍സിഞ്ഞോര്‍ കാറെല്‍ ഒര്‍ലീത്തയാണ് സംഘടനയുടെ നിലവിലെ പ്രെസിഡന്റ്.
ആയിരത്തിലേറെ അംഗങ്ങളുള്ള ഈ സംഘടനയുടെ പുതുക്കിയ നിയമാവലി 'വൈദികര്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി' ഈ വര്‍ഷം മാര്‍ച്ച് 25-നാണ് അംഗീകരിച്ചത്.