എക്സാലോജിക്-സിഎംആർഎൽ കേസ്, ഇൻവോയ്സ് നൽകും മുൻപ് വീണയ്ക്ക് 45 ലക്ഷം രൂപ മുൻകൂറായി ലഭിച്ചെന്ന് ഇഡി

 
veena

കൊച്ചി: എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണ വിജയനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇൻവോയ്സ് നൽകുന്നതിന് മുൻപ് മുൻകൂറായാണ് വീണയ്ക്ക് 45 ലക്ഷം രൂപ ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കുന്നു. 

2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഈ തുക കൈപ്പറ്റിയത്. ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന പേരിലാണ് വീണ പണം കൈപ്പറ്റിയതെന്നും, എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷം രൂപ ലഭിച്ചിരുന്നുവെന്നും ഇഡി പറയുന്നു. വീണ ഇൻവോയിസ് നിർമ്മിച്ചത് ഐഫോണിലാണ് എന്നും ഇഡിയുടെ കണ്ടെത്തലിലുണ്ട്.

അതേസമയം, സിഎംആർഎല്ലിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിച്ചതായും ഇഡി അവകാശപ്പെടുന്നു. ശശിധരൻ കർത്തയുടേത് സർക്കുലർ പേയ്മെന്റ് രീതിയാണ്. ഇടപാടുകാർക്ക് ഇൻവോയിസ് നൽകി ചെലവ് കാണിക്കുകയും പിന്നീട് ഇവരിൽ നിന്ന് പണമായി തിരികെ വാങ്ങുകയും ചെയ്യുന്നതാണ് ഈ രീതി. ഇതിനായി ഇടപാടുകാർക്ക് കമ്മീഷൻ നൽകും. 

ഇത്തരത്തിൽ 15 വർഷത്തിനിടെ 182 കോടിയുടെ ക്രമക്കേട് നടന്നതായും സ്വന്തം കമ്പനിയിലേക്ക് കർത്ത പണം വകമാറ്റിയതായും ഇഡി കണ്ടെത്തി. സിഎംആർഎല്ലിൽ നിന്ന് കുടുംബ സ്ഥാപനമായ നിപുണയിലേക്ക് ഓഹരി ഉടമകൾ അറിയാതെ പണം മാറ്റിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web