കുറവിലങ്ങാട് കുടക്കച്ചിറ ഷാപ്പില്‍ എക്‌സൈസ്  സ്പിരിറ്റും വ്യാജക്കള്ളും പിടിച്ചെടുത്ത സംഭവം,സ്പിരിറ്റ് എത്തിയ ഉറവിടം സംബന്ധിച്ചും അന്വേഷണം
 

 
shapp

കോട്ടയം: കുറവിലങ്ങാട് കുടക്കച്ചിറ ഷാപ്പിൽ എക്സൈസ് നടത്തിയ പരിശോധനയിൽ സ്പിരിറ്റും വ്യാജക്കള്ളും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്.

സ്പിരിറ്റ് എത്തിയ ഉറവിടം സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഷാപ്പിനെതിരെ നിരന്തരം പരാതികൾ ഉയർന്നിരുന്നെങ്കിലും, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രാദേശിക സിപിഎം നേതാവിന്റെ സംരക്ഷണം ലഭിച്ചിരുന്നതായി ആക്ഷേപമുണ്ട്.

 പലതവണ പരാതികൾ ഉയർന്നിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാതിരിക്കാൻ ഈ നേതാവ് ഒത്താശ ചെയ്തിരുന്നെന്നാണ് ആരോപണം.

എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ഇവിടെ വ്യാജമദ്യം എത്തുന്നതിനെക്കുറിച്ച് എക്സൈസിന് വീണ്ടും പരാതികൾ ലഭിച്ചു.

കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഷാപ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. 

തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെ എക്സൈസ് ആന്റി നർക്കോട്ടിക് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് സ്പിരിറ്റും വ്യാജക്കള്ളും കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ ഷാപ്പ് ലൈസൻസിയായ ജോസഫ് മാത്യുവിനെതിരെ കേസെടുത്തെങ്കിലും ഇയാൾ നിലവിൽ ഒളിവിലാണ്.

ഇയാളുടെ ബന്ധുവും ഷാപ്പ് നടത്തിപ്പുകാരനുമായ മാത്യു എം.കെ, ഒരു ഷാപ്പ് ജീവനക്കാരൻ എന്നിവരെ എക്സൈസ് പിടികൂടി.

ഇവിടെനിന്നു സ്പിരിറ്റ് കലർന്ന കള്ള് കുടിച്ച് ആളുകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സംഭവങ്ങളും മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും ഉയർന്നിട്ടുണ്ട്.

 മുൻപ് ഇയാൾ പങ്കാളിയായിരുന്ന മറ്റൊരു ഷാപ്പിൽ നിന്ന് സ്പിരിറ്റ് പിടികൂടിയപ്പോൾ, കൂട്ടുബസിനസുകാരനായ പാലാ സ്വദേശിയായ യുവാവിന്റെ തലയിൽ മാത്രം കുറ്റം ചുമത്തി ഇയാളെ സിപിഎം നേതാക്കൾ രക്ഷിച്ചെടുത്തതായും ആക്ഷേപമുണ്ട്.

കഴിഞ്ഞ 10 വർഷമായി നടന്നു വന്നിരുന്ന വ്യാജമദ്യ സംഘങ്ങൾക്കെതിരെ യുഡിഎഫ് ഭരണത്തിൽ എത്തിയതോടെ ശക്തമായ നടപടിയാണ് സ്വീകരിച്ചു വരുന്നത്.

കോട്ടയത്തെ ബാറുകളിൽ നിന്ന് മാസപ്പടി വാങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെയും സഹപ്രവർത്തകരെയും അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു.

 സമയം കഴിഞ്ഞും ബാറുകളിൽ മദ്യം വിളമ്പാൻ സൗകര്യമൊരുക്കി കൊടുക്കലായിരുന്നു ഈ ഉദ്യോഗസ്ഥരുടെ രീതി.

എക്സൈസ് മന്ത്രി എം. ലിജുവിന്റെ കർശന ഇടപെടലിനെ തുടർന്നാണ് കോട്ടയത്തെ ഉദ്യോഗസ്ഥ ഒത്തുകളികൾ ഓരോന്നായി പുറത്തുവരുന്നത്.

സമയം തെറ്റിച്ച് മദ്യം വിളമ്പിയ രണ്ടു ബാറുകളാണ് കോട്ടയത്ത് മാത്രം ഇതിനകം പൂട്ടിപ്പൂട്ടിച്ച് നടപടിയെടുത്തത്.

Tags

Share this story

From Around the Web