അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും അപകടങ്ങളും; 59 ഓട്ടോറിക്ഷ ലൈസന്‍സുകള്‍ റദ്ദാക്കി

തിരുവനന്തപുരം :ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍, നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 44,146 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 3818 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 59 ലൈസന്‍സുകള്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും നടത്തിയത്.
ഒക്ടോബര്‍ ആറിന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന പ്രവര്‍ത്തനത്തില്‍, തെറ്റായതും സുരക്ഷിതമല്ലാത്തതുമായ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ടാണ് ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
2025 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉള്‍പ്പട്ട 330 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍, 108 എണ്ണം കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടതുമായി ബന്ധപ്പെട്ടതാണ്. ഓട്ടോറിക്ഷകള്‍ നിയന്ത്രണംവിട്ട 28 സംഭവങ്ങളും ഇതില്‍ പെടുന്നുണ്ട്.
ഓട്ടോഡ്രൈവര്‍മാരുടെ അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ വശത്തേക്ക് വാഹനമോടിക്കല്‍ എന്നിവയ്‌ക്കെതിരെ കര്‍ശനമായ നടപടികളാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്വീകരിച്ചത്.
ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹന രേഖകള്‍, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍, വേഗത നിയന്ത്രണം, യാത്രക്കാരുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധ കാമ്പയ്‌നുകള്‍ നടത്തി. 3322 കാമ്പെയ്‌നുകളിലൂടെ 15,875 ഓട്ടോഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാനായി.
ഓട്ടോ സ്റ്റാന്‍ഡുകളിലും പൊതു സ്ഥലങ്ങളിലും റോഡ് സുരക്ഷാ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഗതാഗത നിയമങ്ങള്‍ സ്വമേധയാ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഓട്ടോ ഡ്രൈവര്‍ യൂണിയനുകളുമായും അസോസിയേഷനുകളുമായും ഏകോപിപ്പിക്കുകയും ചെയ്തു.
പരിശോധനകള്‍ തുടര്‍ന്നും ഉണ്ടാവുമെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് അധികൃതര്‍ അറിയിച്ചു. അലക്ഷ്യമായി ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിംഗ് ശ്രദ്ധയില്‍ പെടുന്ന പക്ഷം 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും ജില്ലാ പൊലീസ് മേധാവികള്‍, ട്രാഫിക് സോണല്‍ പൊലീസ് സൂപ്രണ്ടുമാര്‍, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയുമാണ് വാഹന പരിശോധന നടത്തിയത്.