ഈസ്റ്റര്‍, പെസഹാ, ഓശാന ദിനങ്ങളിലെ പരീക്ഷയും പരിശീലനവും ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

 
CATHOLIC CONGRESS

തിരുവനന്തപുരം: ക്രിസ്തീയ വിശ്വാസ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധ ദിവസമായ ഈസ്റ്റര്‍ തിരുനാളിനും അതുപോലെ പെസഹാ തിരുനാളിനും എന്‍ട്രന്‍സ് പരീക്ഷ വയ്ക്കാന്‍ തീരുമാനിച്ച നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണ് എന്ന് കത്തോലിക്ക കോണ്‍ഗ്രസ്. 

സര്‍ക്കാര്‍ അനുവാദമില്ലാതെ ഇത് നടക്കില്ല. വിശുദ്ധ ദിവസങ്ങളില്‍ നടത്തുന്ന പരീക്ഷയും ഒപ്പം ഓശാന തിരുന്നാളിന് ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന പരിശീലനവും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്.

ന്യൂനപക്ഷങ്ങളുടെ സംസ്‌കാരം സംരക്ഷിക്കാന്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പോലും ഉറപ്പു തരുന്നതാണ് ഇന്‍ഡ്യന്‍ ഭരണഘടന എന്നിരിക്കെ അവകാശങ്ങള്‍ എല്ലാം നിഷേധിച്ചുകൊണ്ട് ക്രിസ്തീയ സമൂഹത്തിലെ കുട്ടികള്‍ക്ക് വിശ്വാസപരമായ തിരുന്നാള്‍ പോലും ആചരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ പരീക്ഷകള്‍ ക്രമീകരിക്കുകയും പരിശീലനം ക്രിസ്തീയ വിശ്വാസ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധ ദിവസമായ ഈസ്റ്റര്‍ തിരുനാളിനും അതുപോലെ പെസഹാ തിരുനാളിനും നടത്തുകയും ചെയ്യുക എന്നത് മതസ്വാതന്ത്ര്യത്തെ നിഷേധിക്കലും ന്യൂനപക്ഷ സംസ്‌കാരത്തെ ഇല്ലാതാക്കലും ആണ്. 

അടിയന്തിരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ഇടപെട്ട്, പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണം എന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം എന്നത് കടലാസിലും വര്‍ത്തമാനത്തിലും ഒതുക്കേണ്ടതല്ലായെന്ന് മനസ്സിലാക്കണം എന്നും, തിരുന്നാള്‍ ദിനങ്ങളില്‍ പലവിധ മാര്‍ഗ്ഗങ്ങളിലൂടെ നടത്തുന്ന ആരാധന നിഷേധം ക്രൈസ്തവ സമൂഹത്തെ മുറിവേല്മിക്കുന്നതാണെന്നും, തനിമ നഷ്ടപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്താവിച്ചു.
 

Tags

Share this story

From Around the Web