പരീക്ഷാ വിജയത്തിനായി മൊബൈൽ ഫോണിനോട് ബൈ പറഞ്ഞ് മാതൃകയായു സെൻറ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിലെ ലോക്കറിൽ സൂക്ഷിക്കുന്ന മൊബൈൽ ഫോണുകൾ പൊതുപരീക്ഷയുടെ അവസാന ദിവസം തിരിച്ചു നൽകും
തൊടുപുഴ: പരീക്ഷാകാലത്ത് ശ്രദ്ധ മാറ്റുന്ന പ്രധാന കാരണങ്ങളിൽ ഒന്നായ മൊബൈൽ ഫോൺ ഉപയോഗത്തിന് സ്വമേധയാ വിരാമമിട്ട് മാതൃകയായിരിക്കുകയാണ് കല്ലാനിക്കൽ സെൻറ് ജോർജസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.
പൊതുപരീക്ഷയുടെ ഗൗരവം മനസ്സിലാക്കി പഠനത്തിൽ കൂടുതൽ ഏകാഗ്രത നേടുന്നതിനായി വിദ്യാർത്ഥികൾ അവരുടെ മൊബൈൽ ഫോണുകൾ സ്കൂളിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രത്യേകം പേരെഴുതി സൂക്ഷിച്ചിരിക്കുന്ന മൊബൈലുകൾ പൊതു പരീക്ഷ അവസാനിക്കുന്ന ദിവസം തിരിച്ചു നൽകും. മൊബൈൽ ഉപയോഗം ഇല്ലാതായതോടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു.
ആത്മ നിയന്ത്രണത്തിന്റെയും ഉത്തരവാദിത്വബോധത്തിന്റെയും മികച്ച മാതൃകയാണ് വിദ്യാർത്ഥികളുടെ ഈ തീരുമാനം. പരീക്ഷയിൽ മികച്ച വിജയം നേടാൻ ഈ തീരുമാനത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷകർത്താക്കളും.