'എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല'; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്
 

 
SUNNNY JOSEPH

തിരുവനന്തപുരം: വൈദ്യുതി വാങ്ങല്‍ കരാറുകളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തി. 

കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ എം.ജി രാജമാണിക്യത്തെ മാറ്റിയതും സിന്നാറുമായുള്ള വൈദ്യുതി കരാറും മന്ത്രിയെ മുന്‍കൂട്ടി അറിയിക്കാതെയാണെന്നാണ് പ്രധാന ആക്ഷേപം. വൈദ്യുതി പ്രതിസന്ധി റിപ്പോര്‍ട്ടില്‍ അന്വേഷണം പ്രഖ്യാപിച്ചതിലും മന്ത്രിക്ക് കടുത്ത നീരസമുണ്ട്.

ഹിമാചലില്‍ നിന്നും ജിഎന്‍എ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി വിവാദങ്ങള്‍ ശക്തമായിരുന്നു. ഇന്നലെ രണ്ടിടത്തുനിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചു. ഇതോടെ വിവാദങ്ങള്‍ കെട്ടടങ്ങിയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി സണ്ണി ജോസഫ് തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലെ സിന്നാര്‍ വൈദ്യുതി താപനിലയത്തില്‍ നിന്നും വൈദ്യുതി വാങ്ങിക്കാനുള്ള തീരുമാനം തന്നെ അറിയിച്ചില്ലെന്നും എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമാണ് സണ്ണി ജോസഫ് പറയുന്നത്.


താന്‍ എല്ലാ കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് നേരത്തെ യുഡിഎഫ് കണ്‍വീനറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷന്‍ കൂടിയായ മന്ത്രിയും അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.

കെഎസ്ഇബിയെയും വകുപ്പ് മന്ത്രിയെയും സംശയനിഴലില്‍ നിര്‍ത്തുന്ന നീക്കങ്ങളാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കടുത്ത വൈദ്യുതി ക്ഷാമമുണ്ടാകുമെന്നും ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങണമെന്നും പറഞ്ഞുകൊണ്ട് എം.ജി രാജമാണിക്യം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുകയും അതിന്‍മേല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതാണ്. 

ഇത്തരമൊരു റിപ്പോര്‍ട്ടിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരുടെയൊക്കെയോ താത്പര്യപ്രകാരമാണെന്നുമൊക്കെയാണ് ഇപ്പോള്‍ ആരോപിക്കപ്പെടുന്നത്. ഇത് കെഎസ്ഇബിയെയും വകുപ്പ് മന്ത്രിയെയും സംശയനിഴലില്‍ നിര്‍ത്തുന്നതാണെന്നും ആക്ഷേപമുണ്ട്. ഒപ്പം എം.ജി രാജമാണിക്യത്തെ മാറ്റിയതും മന്ത്രിയോട് ആലോചിക്കാതെയാണെന്നാണ് ആരോപണം.

Tags

Share this story

From Around the Web