എല്ലാം സൂക്ഷിച്ച് മതി, ഇഡി പറഞ്ഞത് അതേപടി വിഴുങ്ങില്ലെന്ന് മന്ത്രിമാര്‍; സിഎംആര്‍എല്‍ കേസില്‍ കരുതല്‍, കൈക്കൂലിയും ഹവാലയും വെവ്വേറെ പരിശോധിക്കും
തിരുവനന്തപുരം: വളരെസൂക്ഷിച്ചും തിരിച്ചടിക്കരുതെന്ന കരുതലെടുത്തുമാണ് സംസ്ഥാനസര്‍ക്കാര്‍ കൈക്കൂലി, ഹവാല ആരോപണങ്ങളിലുള്ള അന്വേഷണം പ്രഖ്യാപിച്ചത്.
ഇ.ഡി. റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നേരിട്ട് എഫ്.ഐ.ആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും സംസ്ഥാന പോലീസ് അന്വേഷിച്ച് ബോധ്യപ്പെട്ടാല്‍മാത്രം കേസുമായി മുന്നോട്ടുപോയാല്‍ മതിയെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇ.ഡി.യെ അന്ധമായി പിന്തുടരേണ്ടതില്ലെന്നതാണ് ഈ തീരുമാനത്തിന്റെ രാഷ്ട്രീയവശം.
കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായാണ് ഇ.ഡി.യെ ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഉയര്‍ത്തുന്ന പ്രതിരോധം. അതിനാല്‍ കേരളത്തില്‍ ഇ.ഡിയെ അനുകൂലിക്കുന്നുവെന്ന പ്രതീതി ഉണ്ടാകുന്നത് ദേശീയതലത്തില്‍ തേച്ചു മിനുക്കിയ ആയുധത്തിന്റെ മൂര്‍ച്ചകുറയ്ക്കുമെന്ന പരിമിതിയും കോണ്‍ഗ്രസിനു മുന്‍പിലുണ്ട്.
അന്വേഷിക്കാതിരിക്കാന്‍ നിയമപ്രകാരം കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇ.ഡി. പറയുന്നത് അതേപടി വിഴുങ്ങില്ലെന്ന് മന്ത്രി കെ. മുരളീധരനും പറഞ്ഞത് വൈരനിര്യാതന ബുദ്ധിയോടെയല്ല സര്‍ക്കാരിന്റെ നീക്കമെന്ന് വ്യക്തമാക്കാനാണ്.
പിണറായി വിജയനു നേരേയുള്ളത് കൈക്കൂലി ആരോപണമാണ്. കൈക്കൂലിയെങ്കില്‍ സി.എം.ആര്‍.എല്ലിന് പ്രത്യുപകാരമായി എന്ത് ആനുകൂല്യം നല്‍കിയെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിരോധം. അന്വേഷണസംഘം ഇതിനു മറുപടി കണ്ടെത്തേണ്ടിവരും. മുഖ്യമന്ത്രിയുടെ മകള്‍ ഇത്തരമൊരു കമ്പനിയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടണോയെന്ന ധാര്‍മിക പ്രശ്‌നമാണ് രാഷ്ട്രീയമായി ഉയര്‍ന്നുവരുക.
കേസ് അന്വേഷണം കൂടുതലും ഹവാല അന്വേഷണത്തിലായിരിക്കും കേന്ദ്രീകരിക്കപ്പെടുക. ഇതിന് ഇ.ഡി. പറയുന്ന തെളിവുകള്‍ നിയമപരമായി നിലനില്‍ക്കുന്നതാണോയെന്നാകും പോലീസ് പരിശോധിക്കുക.
ഇ.ഡി. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം ഉയര്‍ത്തി പ്രതിരോധിക്കുന്നതിനാല്‍ അന്വേഷണത്തെ രാഷ്ട്രീയപരമെന്നതുപോലെ നിയമപരമായും ചോദ്യംചെയ്യുകയെന്ന സമീപനമായിരിക്കും സി.പി.എം. സ്വീകരിക്കുക. അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരുടെ നിയമോപദേശം ആഭ്യന്തരവകുപ്പ് പ്രത്യേകമായി വാങ്ങിയിട്ടുണ്ട്.