ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: മെയ് മാസത്തിലേക്ക് പാപ്പാ നൽകുന്ന പ്രാർത്ഥനാനിയോഗം
ഭൂമിയിലെ വിഭവങ്ങൾ, പങ്കുവയ്ക്കൽ മനോഭാവത്തോടെ വിതരണം ചെയ്യാനും, കൂടുതൽ ഉത്തരവാദിത്വത്തോടും കൃതജ്ഞതയോടും കൂടി ജീവിക്കാനും, ഏവർക്കും ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാനും ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. മെയ് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം ഉൾപ്പെടുത്തി തയ്യാറാക്കിയ പരിശുദ്ധ പിതാവിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട്, ഏപ്രിൽ 30 വ്യാഴാഴ്ച, പരിശുദ്ധ പിതാവിന്റെ പേരിലുള്ള പ്രാർത്ഥനാശൃംഖലയാണ് ഇത്തരമൊരു ചിന്ത ലോകത്തിന് മുന്നിൽ സമർപ്പിച്ചത്.
തന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമായാണ് ദൈവം നമുക്ക് മണ്ണും, അതുവഴി അനുദിനജീവിതത്തിന് വേണ്ട അപ്പവും നൽകിയതെന്ന് വിഡിയോയിൽ അനുസ്മരിക്കുന്ന പാപ്പാ, നമ്മുടെ ഭക്ഷണമേശകളുൾപ്പെടെ നിരവധിയിടങ്ങളിൽനിന്ന് ഒരു പാട് ഭക്ഷണം വലിച്ചെറിയപ്പെടുമ്പോൾ, ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാർ പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന അവസ്ഥ പലയിടങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.
ഞങ്ങൾക്ക് ലഭിക്കുന്ന ഓരോ ഭക്ഷണപദാർത്ഥങ്ങളെയുമോർത്ത് ദൈവത്തിന് നന്ദി പറയാനും, എളിമയോടെ ഭക്ഷിക്കാനും, സന്തോഷത്തോടെ പങ്കുവയ്ക്കാനും, ഭൂമിയിലെ ഫലങ്ങൾ ദൈവദാനങ്ങളെന്നറിഞ്ഞ് സംരക്ഷിക്കാനും, അവ കുറച്ചുപേർക്കായുള്ളതല്ല, ഏവർക്കും വേണ്ടിയുള്ളതാണെന്നറിഞ്ഞ് ജീവിക്കാനും വേണ്ട കഴിവിനായി ഞങ്ങളിൽ പുതിയൊരു മനഃസാക്ഷിയുണർത്തണമേയെന്ന് പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു.
സ്വാർത്ഥപരമായ ഉപഭോഗയുക്തിയെ ഐക്യദാർഢ്യത്തിന്റെ സംസ്കാരത്തിലേക്ക് പരിവർത്തനം ചെയ്യാൻ വേണ്ട കഴിവിനായി ദൈവത്തോടപേക്ഷിക്കുന്ന പാപ്പാ, ബോധവത്കരണ ക്യാമ്പയിനുകൾ, ഭക്ഷണവിതരണം, ലളിതവും ഉത്തരവാദിത്വമുള്ളതുമായ ജീവിതശൈലി തുടങ്ങി മൂർത്തമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്ക് കഴിവുനൽകണമേയെന്നും കൂട്ടിച്ചേർത്തു.
ലോകത്തിന്റെ ജീവനായി മുറിക്കപ്പെട്ട അപ്പമായ യേശുവിനെ ഞങ്ങൾക്കായി നൽകിയ പിതാവേ, നീതിക്കും സാഹോദര്യത്തിനും വേണ്ടി വിശപ്പും ദാഹവുമനുഭവിക്കുന്ന ഒരു പുതുഹൃദയം ഞങ്ങൾക്ക് നൽകണമേയെന്ന് പാപ്പാ വിഡിയോയിൽ പ്രാർത്ഥിക്കുന്നുണ്ട്.
പൊതുമേശകളിൽനിന്ന് ആരും ഒഴിവാക്കപ്പെടാതിരിക്കട്ടെയെന്ന് ആശംസിക്കുന്ന പാപ്പാ, അപ്പത്തെ ഒരു ഉപഭോക്തൃവസ്തുവായല്ല, കൂട്ടായ്മയുടെയും കരുതലിന്റെയും അടയാളമായി കാണാൻ പരിശുദ്ധാത്മാവിന്റെ സഹായം ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെയാണ് മെയ് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങുന്ന വീഡിയോ അവസാനിപ്പിക്കുന്നത്.