ഓരോ ദൈവവിളിയും ദൈവവുമായുള്ള അടുപ്പമുള്ള സംഭാഷണത്തില്‍ നിന്നാണ് ജനിക്കുന്നത്: ലെയോ പാപ്പ

 
leo papa 12345567


വത്തിക്കാന്‍ സിറ്റി: ഓരോ ദൈവവിളിയും ദൈവവുമായുള്ള ഒരു അടുപ്പമുള്ള സംഭാഷണത്തില്‍ നിന്നാണ് ജനിക്കുന്നതെന്നും, അത് പിന്നീട് നിശബ്ദതയിലും പ്രാര്‍ത്ഥനയിലും വളരുന്നുവെന്നും ലെയോ പാപ്പ. ഇറ്റലിയിലെ പൂല്യയിലുള്ള പതിനൊന്നാം പീയൂസ് പൊന്തിഫിക്കല്‍ റീജിയണല്‍ സെമിനാരിയിലെയും, അവേര്‍സ രൂപതാ സെമിനാരിയിലെയും സെമിനാരി വിദ്യാര്‍ത്ഥികളെ വത്തിക്കാനില്‍ സ്വീകരിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ.

സെമിനാരി പരിശീലന കാലഘട്ടത്തില്‍, പഠനം, അച്ചടക്കം, എന്നിങ്ങനെയുള്ള ഓരോ കാര്യങ്ങളും, ദൈവവുമായുള്ള ബന്ധത്തില്‍ സ്ഥാപിതമാണെങ്കില്‍ മാത്രമേ അവയ്ക്ക് അര്‍ത്ഥം ഉണ്ടാവുകയുള്ളുവെന്നു പാപ്പ ചൂണ്ടിക്കാണിച്ചു. കര്‍ത്താവായ യേശുവിനോടൊപ്പം ജീവിക്കാന്‍ പഠിക്കുക എന്നതാണ് സെമിനാരിക്കാരുടെ ഏറ്റവും പ്രഥമവും പ്രധാനവുമായ കടമയെന്നു വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍, ശിഷ്യരെ വിളിക്കുന്ന രംഗം പരാമര്‍ശിച്ചുക്കൊണ്ട് പാപ്പ വ്യക്തമാക്കി.


കര്‍ത്താവ് 'താന്‍ ഇഷ്ടപ്പെട്ടവരെ തന്റെ അടുത്തേക്ക് വിളിച്ചു' എന്ന് സുവിശേഷകന്‍ എടുത്തുപറയുന്നത്, ദൈവത്തിന്റെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിക്കാട്ടുന്നു. ഈ വിളി ഒരു മത്സരമോ, അല്ലെങ്കില്‍ മികച്ചത് തിരഞ്ഞെടുക്കുന്നതോ അല്ല, മറിച്ച് താന്‍ ആഗ്രഹിച്ചവരെ കര്‍ത്താവ് തിരഞ്ഞെടുത്തു എന്നതാണ് ഏറെ പ്രധാനപ്പെട്ടത്. പിതാവായ ദൈവത്തിന്റെ സ്വതന്ത്ര തിരഞ്ഞെടുപ്പാണ്, നമ്മെ നിരാശപ്പെടുത്താത്ത സ്‌നേഹത്തിന്റെ അടയാളം. പ്രിയ സെമിനാരിക്കാരേ, സെമിനാരിയിലെ നിങ്ങളുടെ സാന്നിധ്യം മുഴുവന്‍ സഭയ്ക്കും പ്രത്യാശയുടെ അടയാളമാണ്.

അവ്യക്തമായ ശുഭാപ്തിവിശ്വാസമല്ല, മറിച്ച് ചരിത്രത്തിന്റെ എല്ലാ കാലഘട്ടങ്ങളിലും എല്ലാ സ്ഥലങ്ങളിലും കര്‍ത്താവ് എപ്പോഴും വിളിക്കുന്നു എന്ന ഉറപ്പിന്റേതാണ് ഈ പ്രത്യാശ. ഓരോ ദൈവവിളിയും ദൈവവുമായുള്ള ഒരു അടുപ്പമുള്ള സംഭാഷണത്തില്‍ നിന്നാണ് ജനിക്കുന്നത്. അത് പിന്നീട് നിശബ്ദതയിലും പ്രാര്‍ത്ഥനയിലും വളരുന്നു. ഇന്നത്തെ ലോകം സെമിനാരിയെ നോക്കിക്കാണുന്നത്, ഒരു ആഡംബരമോ കാലഹരണപ്പെട്ട സ്ഥാപനമോ ആയിട്ടാകാം, എന്നാല്‍, സ്വയം രൂപപ്പെടാന്‍ അനുവദിക്കാന്‍ ഒരാള്‍ പഠിക്കുന്ന ഏറെ മൂല്യം നിറഞ്ഞ സ്ഥലമാണ് സെമിനാരിയെന്നും, അതിനെ ഒരിക്കലും വിലകുറച്ചു കാണരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

Tags

Share this story

From Around the Web