വിശുദ്ധ വാതില്‍ അടയുമ്പോഴും ഹൃദയത്തില്‍ കരുണയുടെയും വിശ്വാസത്തിന്റെയും വാതിലുകള്‍ അടയാതിരിക്കട്ടെ: കര്‍ദ്ദിനാള്‍ ഹാര്‍വെയ്
വത്തിക്കാന്‍: വിശുദ്ധ വാതില്‍ അടയ്ക്കപ്പെടുകയും, ഒരു പ്രത്യേക കാലം അവസാനിക്കുകയും ചെയ്യുമ്പോഴും, കര്‍ത്താവിന്റെ കരുണയും ഈ കാലം നമുക്ക് മുന്നില്‍ വച്ച പരിവര്‍ത്തനത്തിന്റെയും പ്രത്യാശയുടെയും യാത്രയുടെ സാധ്യതകളും നിത്യവും തുറന്നാണിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ജെയിംസ് മൈക്കിള്‍ ഹാര്‍വെയ്.
പ്രത്യാശയുടെ ജൂബിലിവര്‍ഷ സമാപനത്തിന്റെ ഭാഗമായി, റോം മതിലുകള്‍ക്ക് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലെ വിശുദ്ധ വാതില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 28 ഞായറാഴ്ച നടത്തിയ പ്രഭാഷണത്തില്‍, ജൂബിലി നല്‍കിയ സന്ദേശവും, അതിലൂടെ ലഭിച്ച ഉദ്‌ബോധനങ്ങളും ജീവിതത്തില്‍ തുടരാന്‍ ഈ ബസലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റായ കര്‍ദ്ദിനാള്‍ ഹാര്‍വെയ് ആഹ്വാനം ചെയ്തു.
വിശുദ്ധ പൗലോസിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ഈ ബസലിക്കയിലും, ജൂബിലിവര്‍ഷത്തില്‍ എങ്ങും മുഴങ്ങിക്കേട്ട 'പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല (റോമാ. 5, 5) എന്ന വാക്കുകള്‍ പ്രതിധ്വനിക്കുന്നുണ്ടെന്നും, അത് വെറുമൊരു ആപ്തവാക്യമെന്നതിനേക്കാള്‍, വിശ്വാസത്തിന്റെ പ്രഖ്യാപനമായി മാറിയിട്ടുണ്ടെന്നും ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്‌റ് പ്രസ്താവിച്ചു.
വിശുദ്ധ പൗലോസിന്റെ അനുഭവങ്ങളും ജീവിതവുമായി ബന്ധപ്പെടുത്തി, പ്രത്യാശ, മനുഷ്യന്റെ കഴിവുകളേക്കാള്‍ ദൈവത്തിന്റെ വിശ്വസ്തസ്‌നേഹത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
നമ്മുടെ ഹൃദയങ്ങളെ ഭാരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളെ ഉപേക്ഷിച്ച്, കരുണയുടെ ഇടത്തിലേക്ക് കയറാനുള്ള ഒരു വിളിയും, ആധ്യാത്മികയിടവുമാണ് വിശുദ്ധ വാതില്‍ നമ്മെ അനുസ്മരിപ്പിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ഹാര്‍വെയ് ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ വാതില്‍ അനുതാപത്തിന്റെ യാത്രയുമായി ബന്ധപ്പെട്ട ഒരു സത്യം കൂടിയാണെന്ന് പ്രസ്താവിച്ച അദ്ദേഹം, പിതാവിന്റെ ഭവനത്തിലേക്കുള്ള മടക്കത്തിന്റെയും ഐക്യത്തിന്റെയും അടയാളം കൂടിയാണതെന്ന് വിശദീകരിച്ചു.
ജൂബിലി വര്‍ഷം പ്രഖ്യാപിച്ച അവസരത്തില്‍, പ്രത്യാശ, വിശ്വാസത്തിനും കരുണയ്ക്കുമൊപ്പം ക്രൈസ്തവജീവിതത്തിന്റെ ഹൃദയമാണെന്ന് ഫ്രാന്‍സിസ് പാപ്പാ, 'സ്പേസ് നോണ്‍ കൊണ്‍ഫൂന്തിത്' എന്ന ബൂളയില്‍ എഴുതിയത് കര്‍ദ്ദിനാള്‍ ഹാര്‍വെയ് അനുസ്മരിച്ചു.
യുദ്ധങ്ങളും അനീതിയും നിറഞ്ഞ ഈ ലോകത്ത്, ക്രിസ്തുവില്‍ കണ്ണുകള്‍ നട്ടുകൊണ്ട്, ചരിത്രത്തിലെ ബുദ്ധിമുട്ടിന്റെ ഈ നിമിഷങ്ങളെയും മറികടക്കാനുള്ള ശക്തി പ്രത്യാശ നല്‍കുമെന്നാണ് സഭ ഈ ജൂബിലി വര്‍ഷത്തിലൂടെ നമ്മെ പഠിപ്പിച്ചത്.
പ്രത്യാശയുടെ ജൂബിലിയുമായി ബന്ധപ്പെടുത്തി നടത്തിയ തന്റെ പ്രഭാഷങ്ങളിലൂടെ, ശ്രദ്ധാപൂര്‍വ്വം ഹൃദയത്തില്‍ പ്രത്യാശ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലിയോ പതിനാലാമന്‍ പാപ്പാ നല്‍കിയ ഉദ്ബോധങ്ങള്‍ അനുസ്മരിച്ച കര്‍ദ്ദിനാള്‍ ഹാര്‍വെയ്, ദുര്‍ബലമായ ഒരു വിത്തുപോലെയാണെങ്കിലും, ലോകത്തെ മാറ്റാന്‍ കഴിവുള്ളതാണ് പ്രത്യാശയെന്ന പാപ്പായുടെ വാക്കുകള്‍ തന്റെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.
വിശുദ്ധ പൗലോസിന്റെ ബസലിക്കയുടെ മുന്നിലെ കുരിശിന്‍ കീഴില്‍ 'ഏക പ്രതീക്ഷ' എന്ന് ആലേഖനം ചെയ്തിരിക്കുന്നത് പരാമര്‍ശിച്ചുകൊണ്ട്, ക്രിസ്തുവിന്റെ കുരിശാണ് നമ്മുടെ ഏകവും, സമൂര്‍ത്തവുമായ പ്രതീക്ഷയെന്ന് കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ വാതില്‍ അടയുമ്പോഴും, നമ്മുടെ ഹൃദയങ്ങളില്‍ വിശ്വാസത്തിന്റെയും കരുണയുടെയും പ്രത്യാശയുടെയും വാതിലുകള്‍ തുറന്നിരിക്കട്ടെയെന്ന് ആശംസിച്ച കര്‍ദ്ദിനാള്‍ ഹാര്‍വെയ്, ലോകത്തിന് ക്രിസ്തുവിന്റെ ആവശ്യമുണ്ടെന്നും, അതുകൊണ്ടുതന്നെ ക്രിസ്തുവേകിയ നിയോഗത്തിന്റെ വാതില്‍ തുറന്നിടാമെന്നും കൂട്ടിച്ചേര്‍ത്തു.
ജൂബിലി വര്‍ഷം വിതച്ച വിത്തുകള്‍ ഫലം നല്‍കുന്നതിനും, ലിയോ പതിനാലാമന്‍ പാപ്പായുടെ കീഴില്‍, സഭയെ അതിന്റെ ഫലങ്ങള്‍ അനുഗമിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്‌റ് ആഹ്വാനം ചെയ്തു.