മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിലും പതറാതെ, തന്നെ അപായപ്പെടുത്താന്‍ വന്ന അക്രമിയോട് ദൈവവചനം പങ്കുവെച്ച് മിഷനറി പൈലറ്റ്
മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിലും പതറാതെ, തന്നെ അപായപ്പെടുത്താന്‍ വന്ന അക്രമിയോട് ദൈവവചനം പങ്കുവെച്ച് മിഷനറി പൈലറ്റ്. സൗത്ത് സുഡാനില്‍ മരുന്നുകളുമായി പോയ 'സമരിറ്റന്‍സ് പഴ്‌സ്' എന്ന ക്രൈസ്തവ സംഘടനയുടെ വിമാനം റാഞ്ചിയ സംഭവത്തിലാണ് ലോകത്തെ വിസ്മയിപ്പിച്ച ഈ അതിജീവനം നടന്നത്.
പൈലറ്റായ ജിം സ്‌ട്രൈറ്റാണ് തോക്കിന്‍മുനയില്‍ നില്‍ക്കുമ്പോഴും അക്രമിയോട് സുവിശേഷം പ്രസംഗിച്ചത്. ഡിസംബര്‍ രണ്ടിന് സൗത്ത് സുഡാനിലെ അതിര്‍ത്തി ഗ്രാമമായ മൈവൂട്ടിലേക്ക് മരുന്നുകള്‍ എത്തിക്കാനായിരുന്നു ജിം സ്‌ട്രൈറ്റും സഹപ്രവര്‍ത്തകന്‍ ബെന്നും യാത്ര തിരിച്ചത്.
വിമാനം ആകാശത്തെത്തിയപ്പോള്‍, പിന്‍ഭാഗത്ത് ഒളിച്ചിരുന്ന ഒരാള്‍ പെട്ടെന്ന് തോക്കുമായി പൈലറ്റിന്റെ അടുത്തേക്ക് പാഞ്ഞെത്തി. 13 റൗണ്ട് വെടിയുണ്ടകള്‍ നിറച്ച തോക്ക് ജിമ്മിന്റെ മുഖത്തിന് നേരെ ചൂണ്ടി വിമാനം ചാഡ് (ഇവമറ) എന്ന രാജ്യത്തേക്ക് തിരിച്ചുവിടാന്‍ അയാള്‍ ആക്രോശിച്ചു.
വിമാനം ചാഡിലേക്ക് എത്തിക്കാനുള്ള ഇന്ധനം തന്റെ പക്കലില്ലെന്ന് ജിം പറഞ്ഞതോടെ അക്രമി വല്ലാതെ പ്രകോപിതനായി. താന്‍ പൈലറ്റിനെയും കൂടെയുള്ളയാളെയും വെടിവെച്ചു കൊല്ലുമെന്നും പിന്നീട് സ്വയം മരിക്കുമെന്നും അയാള്‍ ഭീഷണി മുഴക്കി. കോക്പിറ്റില്‍ മരണം നിഴല്‍ വിരിച്ച ആ നിമിഷത്തിലാണ് പൈലറ്റ് ജിം ദൈവത്തിന്റെ ഇടപെടലിനായി പ്രാര്‍ത്ഥിച്ചത്.
ഈ പ്രതിസന്ധി നേരിടാന്‍ തോക്കിനേക്കാള്‍ ശക്തി ദൈവവചനത്തിനുണ്ടെന്ന് ജിം തിരിച്ചറിഞ്ഞു. അദ്ദേഹം അക്രമിയോട് അയാളുടെ കുടുംബത്തെക്കുറിച്ച് ചോദിച്ചു. തന്റെ കുടുംബാംഗങ്ങളെല്ലാം കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് അയാള്‍ പൊട്ടിക്കരയാന്‍ തുടങ്ങി.
ഈ സമയം ജിം ബൈബിളിലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷം 3 അദ്ധ്യായം 16 വാക്യം 'എന്തന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യ ജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി , തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു എന്ന വചനം അക്രമിയുടെ പറയുകയും , ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ചുള്ള ആ വാക്കുകള്‍ കേട്ടതോടെ അക്രമി ശതനാവുകയും ചെയിതു.
മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പൈലറ്റ് ജിം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഉടന്‍ തന്നെ സൗത്ത് സുഡാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ പിടികൂടി. ആര്‍ക്കും പരിക്കേല്‍ക്കാതെ ആ വലിയ അപകടം ഒഴിവായി.
ആയുധത്തേക്കാള്‍ വലിയ ശക്തി സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ഉണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്ന് സമരിറ്റന്‍സ് പഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.