ഒന്നാം റാങ്കുകാരന് പോലും ജോലിയില്ല, പിന്നെ എന്തിനാണ് പിഎസ്സി?''; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വളര്‍മതി, താനൊരു കുറ്റവാളിയല്ലെന്നും എന്നിട്ടും ഒളിവില്‍ പോകേണ്ട അവസ്ഥയാണുള്ളത്
തിരുവനന്തപുരം: താനൊരു കുറ്റവാളിയല്ലെന്നും എന്നിട്ടും ഒളിവില്‍ പോകേണ്ട അവസ്ഥയാണുള്ളതെന്നും എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരനേതാവ് വളര്‍മതി. സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ നീതിക്ക് വേണ്ടി നടത്തുന്ന ഈ പോരാട്ടത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
സമരക്കാരോട് ശത്രുതയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളോട് എന്താണ് ചെയ്തതെന്ന് കേരളം മുഴുവന്‍ കണ്ടതാണ്. തങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലീസ് സര്‍ക്കാരിന്റെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നത് എന്തിനാണെന്നും വളര്‍മതി ചോദിച്ചു.
സമരവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. തനിക്ക് വ്യക്തിപരമായി ജോലി കിട്ടണമെന്നല്ല ആവശ്യം.
റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് പോലും ഇതുവരെ ജോലി ലഭിച്ചിട്ടില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ പിഎസ്സി (ജടഇ) കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും അവര്‍ ആരാഞ്ഞു.
റാങ്ക് ഹോള്‍ഡേഴ്‌സിന് ഉപകാരപ്രദമല്ലാതിരുന്നിട്ടും അഞ്ച് ആവശ്യങ്ങളാണ് തങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചത്. രണ്ട് വര്‍ഷത്തെ റിട്ടയര്‍മെന്റ് ഒഴിവുകള്‍ നല്‍കാമെന്നായിരുന്നു നേരത്തെയുള്ള വാഗ്ദാനം. സ്റ്റാഫ് ഫിക്‌സേഷന്‍ രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തലാക്കുകയും റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ തങ്ങള്‍ക്ക് നല്‍കുകയും വേണം.
എച്ച്ടിവി തസ്തികയില്‍ എത്ര ഒഴിവുകളുണ്ടെന്ന് സര്‍ക്കാര്‍ പുറത്തുവിടണം. ഡിവിഷന്‍ ഫാള്‍ വഴി പുറത്തുപോകുന്ന അധ്യാപകരെ എച്ച്ടിവി പോസ്റ്റില്‍ നിയമിക്കാവുന്നതാണ്. എത്ര ഡിവിഷന്‍ ഫാള്‍ സംഭവിച്ചു എന്നതിനെക്കുറിച്ച് സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ കണക്കില്ല. ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും വളര്‍മതി ചോദിച്ചു.
ബിആര്‍സികളില്‍ ഡെപ്യൂട്ടേഷനില്‍ പോയിരിക്കുന്നത് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരാണ്. എന്തുകൊണ്ടാണ് ഗവണ്‍മെന്റ് ഈ തസ്തികകള്‍ ഏറ്റെടുക്കാത്തത്? എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് അവിടെ ഇത്രയധികം നിയമനങ്ങള്‍ നടത്താന്‍ സാധിക്കുന്നതെന്നും അവര്‍ സംശയം പ്രകടിപ്പിച്ചു.
സമരത്തെ അടിച്ചമര്‍ത്തുന്നത് കൊണ്ട് പ്രശ്‌നത്തിന് യാതൊരു പരിഹാരവും ഉണ്ടാകില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്നും വളര്‍മതി കൂട്ടിച്ചേര്‍ത്തു.