വിരമിച്ചവര്‍ ഉള്‍പ്പെടെ കുടുങ്ങും! എക്സൈസിലെ കോളിളക്കത്തില്‍ മറുപടിയുമായി മന്ത്രി എം. ലിജു
ആലപ്പുഴ: മുന്‍ എക്സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവറാവുവിന്റെ ഗുരുതര അഴിമതി ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് എക്സൈസ് മന്ത്രി എം. ലിജു. സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നതിന് തൊട്ടുമുമ്പ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് എക്സൈസ് വകുപ്പിനെ ആടിയുലച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് കുറച്ചുകൂടി നേരത്തെ നല്‍കിയിരുന്നെങ്കില്‍ തുടക്കത്തില്‍ തന്നെ നടപടിയെടുക്കാമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. അഴിമതി നടത്തി വിരമിച്ചുപോയ ഉദ്യോഗസ്ഥരെക്കുറിച്ച് അടക്കം സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
''കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 900-ത്തോളം ബാറുകള്‍ക്ക് അനുമതി നല്‍കുകയും ബ്രൂവറി ലൈസന്‍സുകളും എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ നിര്‍മ്മാണ അനുമതിയും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കൃത്യമായി അന്വേഷിക്കണം. അന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നവര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതും പുറത്തുകൊണ്ടുവരണം,'' എന്നും എം. ലിജു പറഞ്ഞു.
ബാറുടമകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി. തനിക്ക് ബാറുള്ളവരെയും ഇല്ലാത്തവരെയും അറിയാമെന്നും എല്ലാവരുമായും പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ എക്സൈസ് കമ്മീഷണര്‍ക്ക് തന്നെ അന്വേഷിക്കാമായിരുന്നുവെന്നും, മന്ത്രിയാണോ ഇത്തരം കാര്യങ്ങളില്‍ നേരിട്ട് ഇടപെടേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എക്സൈസ് മന്ത്രിയുടെയോ യുഡിഎഫ് സര്‍ക്കാരിന്റെയോ തലയ്ക്കു മുകളില്‍ ഒരു ഉദ്യോഗസ്ഥനും കയറാന്‍ കഴിയില്ലെന്നും മന്ത്രി എം. ലിജു കൂട്ടിച്ചേര്‍ത്തു.