റേഞ്ചില്ലെങ്കിലും കാര്യം നടക്കും! ഇന്റർനെറ്റില്ലാതെ യുപിഐ വഴി പണമടയ്ക്കാൻ പുതിയ ‘ടാപ്പ് ആൻഡ് പേ’ വരുന്നു
ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യ. ഇനി സ്മാര്‍ട്ട് ഫോണിലും കടകളിലെ വ്യാപാരികളുടെ പേയ്മെന്റ് ഉപകരണങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ പോലും 'ടാപ്പ് ആന്‍ഡ് പേ' സംവിധാനത്തിലൂടെ യുപിഐ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. നിലവില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ പോസ് മെഷീനില്‍ ടാപ്പ് ചെയ്ത് ഉപയോഗിക്കുന്ന അതേ മാതൃകയിലാണ് ഫോണുകള്‍ ഉപയോഗിച്ചുള്ള ഈ ഇടപാടും സാധ്യമാകുന്നത്.
സ്മാര്‍ട്ട്ഫോണുകളിലെ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (NFC) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ മുന്‍കൂട്ടി ഇന്റര്‍നെറ്റുള്ള സമയത്ത് അവരുടെ യുപിഐ ലൈറ്റ് വാലറ്റില്‍ പണം ലോഡ് ചെയ്തുവെക്കണം. വാലറ്റില്‍ നിന്ന് നേരിട്ട് പണം ഈടാക്കുന്നതിനാല്‍ ഇതിനായി യുപിഐ പിന്‍ ടൈപ്പ് ചെയ്യേണ്ടതില്ല. പോസ് (PoS) മെഷീനില്‍ എന്‍.എഫ്.സി ഉള്ള ഏത് വ്യാപാരിക്കും ഫോണ്‍ ഉപയോഗിച്ച് റേഞ്ച് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് പണം അടയ്ക്കാനാകും.
ഓഫ്ലൈനായി പരമാവധി 2,000 വരെയുള്ള ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനങ്ങള്‍ക്കുള്ളില്‍, അണ്ടര്‍ഗ്രൗണ്ട് മെട്രോ സ്റ്റേഷനുകള്‍, നെറ്റ്വര്‍ക്ക് കവറേജ് കുറഞ്ഞ മേഖലകള്‍, ലിഫ്റ്റുകള്‍, കട്ടിയുള്ള കെട്ടിടങ്ങള്‍ക്കുള്ളില്‍ എന്നിവിടങ്ങളില്‍ ഈ സേവനം ഏറെ സഹായകരമാകും. 2023-ല്‍ അവതരിപ്പിച്ച 'UPI Lite X' രണ്ടു ഫോണുകള്‍ തമ്മില്‍ ഓഫ്ലൈന്‍ പേയ്മെന്റിന് മാത്രമാണ് സഹായിച്ചതെങ്കില്‍, പുതിയ സംവിധാനം കടകളിലെ സര്‍ട്ടിഫൈഡ് PoS ടെര്‍മിനലുകള്‍ വഴി പണം നല്‍കാന്‍ അവസരമൊരുക്കുന്നു. എന്‍.പി.സി.ഐ തങ്ങളുടെ ഔദ്യോഗിക ഗൈഡ്ലൈനുകളും കൃത്യമായ തീയതിയും ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.