എല്ലാം രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പ് കിട്ടിയാലും യുവതികൾ തങ്ങളുടെ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ കാമുകന് ഒരു കാരണവശാലും കൈമാറരുത്: സ്ത്രീകൾക്ക്  താക്കീതുമായി മദ്രാസ് ഹൈക്കോടതി

 
court

ചെന്നൈ: പങ്കാളികളോടുള്ള സ്നേഹമോ, വിശ്വാസമോ, രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പോ കിട്ടിയാലും യുവതികളും പെണ്‍കുട്ടികളും തങ്ങളുടെ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പങ്കുവെക്കരുതെന്ന് മദ്രാസ് ഹൈക്കോടതി.

ബ്ലാക്മെയിലിങ് നടത്തി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ് ജസ്റ്റിസുമാരായ എന്‍ ആനന്ദ് വെങ്കിടേഷ്, കെ കെ രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ മുന്നറിയിപ്പ് നടത്തിയത്.

'ഒരു നിമിഷത്തെ തെറ്റായ വിശ്വാസം ഒരിക്കലും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ദുരിതമായി മാറരുത്, ജഡ്ജിമാര്‍ ഓര്‍മിപ്പിച്ചു. ഒരു സ്വകാര്യ ചിത്രമോ വീഡിയോയോ ഒരാളുടെ വ്യക്തിപരമായ നിയന്ത്രണത്തില്‍ നിന്ന് പുറത്തുപോയാല്‍, അത് എളുപ്പത്തില്‍ ദുരുപയോഗം ചെയ്യപ്പെടാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ദുരുപയോഗങ്ങള്‍ ഇരയുടെ സ്വകാര്യതയ്ക്കും മാന്യതയ്ക്കും മാനസികാരോഗ്യത്തിനും നികത്താനാവാത്ത നാശനഷ്ടങ്ങള്‍ വരുത്തിവെക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പിന്നീട് നിയമപരമായ പരിഹാരങ്ങള്‍ തേടി ബുദ്ധിമുട്ടുന്നതിനേക്കാള്‍ നല്ലത് മുന്‍കരുതലുകള്‍ എടുക്കുന്നതാണെന്ന് കോടതി ഊന്നിപ്പറഞ്ഞു.

സ്വകാര്യതയും മാന്യതയും കാത്തുസൂക്ഷിക്കാനുള്ള മനുഷ്യന്റെ സഹജവാസനയുടെ ഉദാഹരണമായി ആദാമിന്റെയും ഹവ്വയുടെയും ഇലകള്‍ കൊണ്ട് ശരീരം മറച്ച ബൈബിള്‍ വിവരണം കോടതി ഉദ്ധരിച്ചു.

വസ്ത്രധാരണം എന്നത് ഒരു ശാരീരിക ആവശ്യകത എന്നതിലുപരി മനുഷ്യന്റെ അന്തസ്സിന്റെയും സാമൂഹിക വ്യവസ്ഥിതിയുടെയും അവിഭാജ്യ ഘടകമായി പരിണമിച്ചതാണെന്ന് കോടതി പറഞ്ഞു.

ഡിജിറ്റല്‍ യുഗത്തിലെ ചില സാമൂഹികവിരുദ്ധര്‍ യുവതികളുടെയും പെണ്‍കുട്ടികളുടെയും വിശ്വാസത്തെയും വൈകാരികമായ ദുര്‍ബലതകളെയും ചൂഷണം ചെയ്യുകയാണെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

വഞ്ചന, വ്യാജ വാഗ്ദാനങ്ങള്‍ അല്ലെങ്കില്‍ വൈകാരികമായ സ്വാധീനം എന്നിവയിലൂടെ ചൂഷകര്‍ ഇരകളെ പ്രരിപ്പിച്ചു സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കുന്നു. ഇത്തരം ദൃശ്യങ്ങള്‍ കൈക്കലാക്കിയ ശേഷം, പ്രതികള്‍ ഇവ സോഷ്യല്‍ മീഡിയയിലോ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.

ഇത് ഇരകളെ നിരന്തരമായ ചൂഷണത്തിനും അപമാനത്തിനും മാനസിക ആഘാതത്തിനും ഇരയാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട്, ഡിജിറ്റല്‍ ലോകത്ത് തങ്ങളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതില്‍ സ്ത്രീകള്‍ 'അങ്ങേയറ്റത്തെ ജാഗ്രത' പുലര്‍ത്തണമെന്ന് ജഡ്ജിമാര്‍ ഓര്‍മിപ്പിച്ചു.


ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ നിരന്തരം ബലാത്സംഗം ചെയ്യുകയും ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്ത കേസിലെ പ്രതിയുടെ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. ജോലിയും വിവാഹവും വാഗ്ദാനം ചെയ്താണ് കാസി എന്നയാള്‍ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയതെന്ന് പ്രൊസിക്യൂഷന്‍ പറഞ്ഞു.

പിന്നീട് ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

Tags

Share this story

From Around the Web