ക്രൈസ്തവ വിരുദ്ധത ചെറുക്കുന്നതിന് യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം

 
eu


ബ്രസ്സല്‍സ്: യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെ ചെറുക്കുന്നതിന് കോര്‍ഡിനേറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു യൂറോപ്യന്‍ പാര്‍ലമെന്റ് സമീപകാലത്ത് പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് യൂറോപ്യന്‍ യൂണിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ (ഇഛങഋഇഋ). 

ഫെബ്രുവരി 16നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെയും (ക്രിസ്റ്റ്യാനോഫോബിയ) ന്യൂനപക്ഷ വിരുദ്ധതയെയും ചെറുക്കുന്നതിന് കോര്‍ഡിനേറ്ററെ ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചത്. 

പ്രമേയത്തിന് അംഗീകാരം നല്കിയിട്ടുണ്ട്. 2024 മുതല്‍ തന്നെ ഇത്തരത്തില്‍ നിയമനം സൃഷ്ടിക്കാന്‍ യൂറോപ്യന്‍ ബിഷപ്പുമാര്‍ ആവശ്യപ്പെട്ടിരിന്നുവെന്ന് യൂറോപ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ വ്യക്തമാക്കി.

2025 ഒക്ടോബറില്‍ യൂറോപ്യന്‍ യൂണിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സില്‍ അതിഥി പ്രഭാഷകനായി എത്തിയ ആഭ്യന്തര കാര്യങ്ങളുടെയും കുടിയേറ്റത്തിന്റെയും ഉത്തരവാദിത്തമുള്ള യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറായ മാഗ്‌നസ് ബ്രണ്ണറിനോട് ബിഷപ്പുമാര്‍ ഇക്കാര്യം നേരിട്ടു ആവശ്യപ്പെട്ടിരിന്നു. 

പിറ്റേ മാസം യൂറോപ്യന്‍ യൂണിയനും യൂറോപ്യന്‍ കമ്മീഷനും സംഘടിപ്പിച്ച മതനേതാക്കള്‍ തമ്മിലുള്ള വാര്‍ഷിക ഉന്നതതല യോഗത്തില്‍, യൂറോപ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് കമ്മീഷന്‍ വൈസ് പ്രസിഡന്റ് സെസ്ലാവ് കോസോണ്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. അതേസമയം മറ്റ് മത ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുവാനും പ്രമേയം ലക്ഷ്യമിടുന്നുണ്ട്.

അസഹിഷ്ണുത, വിവേചനം, വിദ്വേഷം എന്നിവയില്‍ നിന്ന് യൂറോപ്പിലെ ക്രൈസ്തവ വിശ്വാസികളെ സംരക്ഷിക്കുന്നതിന് ധീരമായ നടപടികള്‍ സ്വീകരിക്കാന്‍ ഇടപെടണമെന്നും ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തിനെതിരെ പോരാടുന്നതിന് കോര്‍ഡിനേറ്ററെ നിയമിക്കണമെന്നും യൂറോപ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് കമ്മീഷന്‍ ഉപദേഷ്ടാവ് അലസ്സാന്‍ഡ്രോ കാല്‍കാഗ്‌നോയും ആവശ്യപ്പെട്ടു. 

ഇതിന്റെയെല്ലാം സമ്മര്‍ദ്ധ ഫലമായാണ് ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെ ചെറുക്കുന്നതിന് കോര്‍ഡിനേറ്ററെ നിയമിക്കുവാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തിരിക്കുന്നത്.

Tags

Share this story

From Around the Web