നൈജീരിയയിലെയും പാക്കിസ്ഥാനിലെയും ക്രൈസ്തവരുടെ ദുരിതാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി യൂറോപ്യൻ പാർലമെന്റ്

 
2344444444

നൈജീരിയയിലെയും പാക്കിസ്ഥാനിലെയും ക്രൈസ്തവരുടെ ദുരിതാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് യൂറോപ്യൻ പാർലമെന്റ് രണ്ട് പ്രത്യേക പ്രമേയങ്ങൾ പാസ്സാക്കി. ഈ സമുദായങ്ങൾ നേരിടുന്ന ആക്രമണങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, നിർബന്ധിത മതപരിവർത്തനങ്ങൾ, മതസ്വാതന്ത്ര്യ ലംഘനങ്ങൾ എന്നിവയെ പ്രമേയങ്ങൾ ശക്തമായി അപലപിച്ചു.

നൈജീരിയയിലെ കവേൽ ഗ്രാമത്തിലുണ്ടായ കൂട്ടക്കൊലയെക്കുറിച്ചുള്ളതാണ് ആദ്യ പ്രമേയം. മരിയ ഷഹബാസ് എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതും നിർബന്ധിത മതപരിവർത്തനം നടത്തി ബാലവിവാഹം കഴിച്ചതുമായ സംഭവത്തെയും പാക്കിസ്ഥാനിലെ പെൺകുട്ടികളുടെ സംരക്ഷണത്തെയും കുറിച്ചുള്ളതാണ് രണ്ടാമത്തെ പ്രമേയം.

മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും, മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രണ്ട് പ്രമേയങ്ങളിലൂടെയും യൂറോപ്യൻ പാർലമെന്റ് നൈജീരിയൻ, പാക്കിസ്ഥാൻ സർക്കാരുകളോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ജൂണിൽ നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിലുള്ള കവേൽ ഗ്രാമത്തിൽ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ നിരവധി ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കൂട്ടക്കൊലയോടുള്ള പ്രതികരണമായാണ് ആദ്യ പ്രമേയം. ലാഹോറിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെടുകയും നിർബന്ധിച്ച് മതം മാറ്റി തട്ടിക്കൊണ്ടുപോയ ആൾക്ക് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്ത മരിയ ഷഹബാസ് എന്ന 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയുടെ കേസിനെ കേന്ദ്രീകരിച്ചുള്ളതാണ് രണ്ടാമത്തെ പ്രമേയം.

വ്യത്യസ്തമായ സാഹചര്യങ്ങളാണെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭരണകൂടങ്ങൾ മതസ്വാതന്ത്ര്യത്തിന് ഫലപ്രദമായ സംരക്ഷണം നൽകുന്നതിൽ പരാജയപ്പെടുമ്പോൾ ക്രിസ്ത്യൻ സമുദായങ്ങളും മറ്റ് മതന്യൂനപക്ഷങ്ങളും നേരിടുന്ന അരക്ഷിതാവസ്ഥയാണ് ഈ രണ്ട് സംഭവങ്ങളും വെളിവാക്കുന്നതെന്ന് യൂറോപ്യൻ പാർലമെന്റ് വിലയിരുത്തി.

അനുകൂലമായി ലഭിച്ച 510 വോട്ടുകൾക്കെതിരെ ഒറ്റ വോട്ടിനാണ് നൈജീരിയയിലെ ആക്രമണത്തെ അപലപിക്കുന്ന പ്രമേയം പാസ്സാക്കിയത്. അതേസമയം, 86 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എന്നാൽ, മേഖലയിലെ ക്രിസ്ത്യൻ സമൂഹത്തിന് പാർലമെന്റ് പിന്തുണ പ്രഖ്യാപിച്ചു.

ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച യൂറോപ്യൻ പാർലമെന്റ്, ചിന്താസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന തട്ടിക്കൊണ്ടുപോകലുകളിൽ ആശങ്ക പ്രകടിപ്പിച്ച പാർലമെന്റ്, സ്ത്രീകളും പെൺകുട്ടികളുമാണ് ഇതിന് കൂടുതലായി ഇരയാകുന്നതെന്നും ചൂണ്ടിക്കാട്ടി.

അതേസമയം ബൊക്കോ ഹറാം പോലുള്ള ഭീകരസംഘടനകൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ സ്വതന്ത്ര അന്വേഷണം നടത്താനും നൈജീരിയൻ അധികാരികളോട് യൂറോപ്യൻ പാർലമെന്റ് ആവശ്യപ്പെട്ടു. മധ്യ നൈജീരിയയിലെ അക്രമങ്ങൾക്ക് കാരണം ബോക്കോ ഹറാം മാത്രമല്ലെന്നും, ഭൂമിക്കും വെള്ളത്തിനും വേണ്ടിയുള്ള തർക്കങ്ങൾ, വംശീയ-മതപരമായ സംഘർഷങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിഭവക്ഷാമം എന്നിവയുടെ കൂട്ടായ ഫലമാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

മരിയ ഷഹബാസ് എന്ന പെൺകുട്ടിക്ക് നിയമസഹായവും കുടുംബവുമായി ബന്ധപ്പെടാനുള്ള സൗകര്യവും മാനസിക പിന്തുണയും ഉറപ്പാക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടുപോയ ആളുമായുള്ള മരിയയുടെ വിവാഹം സാധുവാണെന്ന പാകിസ്ഥാൻ ഫെഡറൽ ഭരണഘടനാ കോടതിയുടെ വിധി അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

2025-ലെ ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയാകുന്ന സ്ത്രീകളിലും പെൺകുട്ടികളിലും 25% ക്രിസ്ത്യാനികളും ബാക്കി 75% ഹിന്ദു സമുദായത്തിൽപ്പെട്ടവരുമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്ത്യൻ, ഹിന്ദു ന്യൂനപക്ഷങ്ങളിൽപ്പെട്ട പെൺകുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിക്കൊണ്ടുപോകലുകളുടെയും നിർബന്ധിത മതപരിവർത്തനങ്ങളുടെയും വ്യക്തമായ തെളിവാണ് ഈ കേസ്. ബാലവിവാഹത്തിനെതിരെയുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനും മതനിന്ദാ നിയമങ്ങളുടെ ദുരുപയോഗം പരിശോധിക്കാനും പ്രമേയത്തിലൂടെ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web