ക്രൈസ്തവ ഐക്യവാരത്തില്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് യൂറോപ്യന്‍ മെത്രാന്‍സമിതി

 
ARCH BISHOP



ക്രിസ്തുവില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചവര്‍ തമ്മിലുള്ള ഐക്യം ലോകത്ത് സമാധാനത്തിന്റെ ഉപകാരണമാണെന്ന് യൂറോപ്യന്‍ മെത്രാന്‍സമിതി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ജിന്റാറാസ് ഗ്രൂഷാസ് .

 ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കപ്പെട്ട 'എക്യൂമെനിക്കല്‍ ചാര്‍ട്ടര്‍' നവംബര്‍ 2025 5-ന് ഒപ്പിട്ടതിന്റെയും, അടുത്ത ആഴ്ചയില്‍ ആചരിക്കപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തിന്റെയും കൂടി പശ്ചാത്തലത്തില്‍ സമാധാനത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥനാനിയോഗം സമര്‍പ്പിക്കാന്‍ യൂറോപ്പിലെ മെത്രാന്‍സമിതികളെ ആഹ്വാനം ചെയ്തുകൊണ്ട് ജനുവരി 14-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ആര്‍ച്ച്ബിഷപ് ഗ്രൂഷാസ് ക്രൈസ്തവര്‍ സമാധാനത്തിനായി ഒരുമിച്ച് പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിയത്.

എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ആത്മാവ് പ്രാര്‍ത്ഥനയാണെന്ന് ഓര്‍മ്മിപ്പിച്ച യൂറോപ്യന്‍ മെത്രാന്‍സമിതി പ്രസിഡന്റ്, എല്ലാ വര്‍ഷവും ആചരിക്കപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തില്‍ ഇത് പ്രത്യേകമായ അര്‍ത്ഥം കൈവരിക്കുന്നുണ്ടെന്ന്, യൂറോപ്പിലെ എല്ലാ മെത്രാന്‍സമിതികള്‍ക്കും അയച്ച ഒരു കത്തിലൂടെ അടിവരയിട്ടു പറഞ്ഞു. 

ജനുവരി 18 മുതല്‍ 25 വരെ തീയതികളിലാണ് ഈ വര്‍ഷത്തിലെ ക്രൈസ്തവ ഐക്യവാരാചരണം നടക്കുന്നത്.

2001 ഏപ്രില്‍ 22-ന് ഒപ്പിട്ട 'എക്യൂമെനിക്കല്‍ ചാര്‍ട്ടറിന്റെ' ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെയും, ലോകത്ത് ശക്തമായി തുടരുന്ന നിരവധി സായുധസംഘട്ടനങ്ങളുടെയും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍, സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ എല്ലാ സഭകളും പ്രത്യേകമായി വിളിക്കപ്പെട്ടിരിക്കുകയാണെന്നും, ഈ ഐക്യം ക്രൈസ്തവര്‍ക്കിടയില്‍ മാത്രമല്ല, പരസ്പരസംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും തമ്മിലും ഉണ്ടാകണമെന്നും, അതുവഴി എല്ലായിടങ്ങളിലും സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്നും മെത്രാന്‍സമിതികളുടെ നേതൃത്വങ്ങള്‍ക്കയച്ച കത്തില്‍ ആര്‍ച്ച്ബിഷപ് ഗ്രൂഷാസ് എഴുതി.

ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും എക്യൂമെനിക്കല്‍ ചാര്‍ട്ടര്‍, സഹകരണവും സംവാദവും പ്രോത്സാഹിപ്പിക്കുന്നതിനും, യൂറോപ്പ് ഭൂഖണ്ഡത്തിലെ ക്രൈസ്തവസഭകള്‍ പൊതുവായി സാക്ഷ്യം നല്‍കുന്നതിനും വേണ്ടിയുള്ള അടിസ്ഥാന - പ്രമാണരേഖയായി നിലനില്‍ക്കുന്നുണ്ടെന്ന് യൂറോപ്യന്‍ മെത്രാന്‍സമിതി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

നവീകരിച്ച എക്യൂമെനിക്കല്‍ ചാര്‍ട്ടറും, സമാധാനത്തിനുംവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനയും, യൂറോപ്പിന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിനും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥര്‍ക്കും സമര്‍പ്പിക്കാമെന്ന് ആര്‍ച്ച്ബിഷപ് ഗ്രൂഷാസ് ആഹ്വാനം ചെയ്തു. 

Tags

Share this story

From Around the Web