വിശുദ്ധ നാട്ടിലും യുക്രൈനിലും സമാധാനം പുലരാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി യൂറോപ്യന്‍ മെത്രാന്‍ സംഘം

 
NEWS

ലണ്ടന്‍: വിശുദ്ധ നാട്ടിലും യുക്രൈനിലും ആഫ്രിക്കയിലും സമാധാനമുണ്ടാകുവാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി യൂറോപ്യന്‍ യൂണിയനിലെ മെത്രാന്‍മാരുടെ പ്രതിനിധികള്‍. 

കഴിഞ്ഞ ദിവസം നടന്ന മെത്രാന്മാരുടെ ശരത്കാല സമ്മേളനത്തിലാണ് ആഹ്വാനം. ഗാസയിലും വിശുദ്ധ നാട്ടിലും യുക്രൈനിലും, സുഡാനിലും സമാധാനം പുലരാനായി പ്രാര്‍ത്ഥന യാചിക്കുകയാണെന്നു യൂറോപ്യന്‍ യൂണിയന്റെ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രോസിയാറ്റ ഇന്നലെ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നമ്മുടെ രാജ്യങ്ങളെയും ലോകത്തെയും നിലവില്‍ ബാധിക്കുന്ന ആശങ്കകള്‍, പ്രത്യേകിച്ച്, യുദ്ധത്തിനിടെ അനുഭവിക്കുന്ന ആളുകളുടെ കഷ്ടപ്പാടുകള്‍ വളരെ വലുതാണെന്നും ഗാസ മുനമ്പിലെ സാഹചര്യം അഗാധമായ ആശങ്കയോടെയും ദുഃഖത്തോടെയും നിരീക്ഷിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. 


പാലസ്തീന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ നമ്മുടെ ഹൃദയങ്ങളെ തകര്‍ക്കുന്നു. നിരവധി മരണങ്ങള്‍, പട്ടിണി കിടക്കുന്ന കുട്ടികള്‍, വീടുകള്‍ വിട്ട് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായ കുടുംബങ്ങള്‍, നഗരങ്ങളുടെ നാശം എന്നിവയുടെ ചിത്രങ്ങള്‍ നമ്മെ ആഴത്തില്‍ ബാധിക്കുകയും മനുഷ്യത്വത്തെ ആടിയുലയ്ക്കുകയാണെന്നും ബിഷപ്പ് ക്രോസിയാറ്റ പ്രസ്താവിച്ചു.

സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും സംഘര്‍ഷത്തിന് ഒരു ദ്രുത പരിഹാരം കണ്ടെത്താനുള്ള ലെയോ പാപ്പയുടെ ആഹ്വാനത്തിന് യൂറോപ്യന്‍ വൈദികര്‍ ശക്തമായി നിലകൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.


 യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മുറവിളിയില്‍ എല്ലാ ബന്ദികളുടെ മോചനം, ആവശ്യമായ മാനുഷിക സഹായങ്ങള്‍ പൂര്‍ണ്ണമായി ലഭ്യമാക്കല്‍, നീതിയുക്തവും നിലനില്‍ക്കുന്നതുമായ സമാധാനം കൈവരിക്കല്‍ എന്നിവ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

വിശുദ്ധ നാടിനും യുക്രൈനും ആഫ്രിക്കയ്ക്കും വേണ്ടി നിരവധി തവണ ലെയോ പാപ്പ സമാധാന അഭ്യര്‍ത്ഥന നടത്തിയിരിന്നു.

Tags

Share this story

From Around the Web