യൂറോപ്പ് കുടിയേറ്റക്കാരായ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം: 20 സംഘടനകളുടെ സംയുക്താഭ്യാർത്ഥന
പ്രായപൂർത്തിയാകാത്ത കുടിയേറ്റക്കാരെ തങ്ങളുടെ സ്വദേശത്തേക്ക് തിരികെ അയക്കാനുള്ള തീരുമാനവുമായി യൂറോപ്പ് മുൻപോട്ട് പോകരുതെന്നും, കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും, സേവ് ദി ചിൽഡ്രൻ ഉൾപ്പെടെയുള്ള ഇരുപത് സംഘടനകൾ സംയുക്തമായി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മാർച്ച് 26 വ്യാഴാഴ്ചയാണ് ഇത്തരമൊരു അഭ്യർത്ഥന സംഘടനകൾ മുന്നോട്ടുവച്ചത്.
ആയിരക്കണക്കിന് കുട്ടികളെ പുറംതള്ളാൻ യൂറോപ്പിനാകില്ലെന്നും, അവരെ സംരക്ഷിക്കുന്നതിനും, ഇനിയും അപകടകരമായ തലങ്ങളിലേക്ക് തള്ളിവിടാതിരിക്കുന്നതിനും വേണ്ട ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും സംഘടനകൾ യൂറോപ്യൻ പാർലമെന്റിനോട് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റക്കാരായ പ്രായപൂർത്തിയാകാത്തവരെ തിരികെ അവരുടെ സ്വദേശങ്ങളിലേക്ക് മടക്കിയയക്കുന്നത് അനുവദിക്കുന്നതിനായുള്ള നിയമനിർദ്ദേശം മാർച്ച് 9-ന് ചേർന്ന ഒരു സമ്മേളനം മുന്നോട്ട് വച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു അഭ്യർത്ഥന, കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി പരിശ്രമിക്കുന്ന സംഘടനകൾ പുറത്തുവിട്ടത്.
നിലവിലെ നിയമ ഉപദേശം ആയിരക്കണക്കിന് പ്രായപൂർത്തിയാകാത്തവരെയും, കൊച്ചുകുട്ടികളുള്ള കുടുംബങ്ങളെയുമാണ് അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുകയെന്നും, യൂറോപ്പിന്റെ അടിസ്ഥാനതത്വങ്ങളും അന്താരാഷ്ട്രനിയമവും, മനുഷ്യാവകാശനിയമവും അവഗണിക്കുന്നതാണെന്നും സംഘടനകൾ ഓർമ്മിപ്പിച്ചു.
കുട്ടികളുള്ള കുടുംബങ്ങളെയും, ഒറ്റയ്ക്കായിപ്പോയ പ്രായപൂർത്തിയാകാത്തവരെയും 24 മാസങ്ങൾ വരെ തടവിൽ വയ്ക്കാനുള്ള അനുമതി നൽകുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ മുന്നോട്ട് വയ്ക്കപ്പെട്ട നിയമ നിർദ്ദേശമെന്നും, പ്രായപൂർത്തിയാകാത്തവരുടെ താത്പര്യങ്ങൾക്കും ശൂരക്ഷിതത്വത്തിനും എതിരാണ് അതെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു.