കൊടും ചൂടില്‍ ഉരുകിയൊലിച്ച് യൂറോപ്പ്; താപനില ഉയര്‍ന്നതോടെ പല രാജ്യങ്ങളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തുര്‍ക്കിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ഇതുവരെയും നിയന്ത്രണ വിധേയമായില്ല

യൂറോപ്പ്: കൊടും ചൂടില്‍ ഉരുകി വലയുകയാണ് യൂറോപ്പ്. വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ താപനില ഉയര്‍ന്നതോടെ പല രാജ്യങ്ങളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഭൂഖണ്ഡമാകെ ആഞ്ഞടിക്കുന്ന ഉഷ്ണ തരംഗമാണ് ചൂട് വര്‍ധിക്കാന്‍ കാരണം.
തുര്‍ക്കിയില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമായില്ല.മിതമായ ചൂട് ആസ്വദിച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങളിപ്പോള്‍ അത്യുഷ്ണത്തിന്റെ പിടിയിലാണ്. ഉഷ്ണതരംഗം ആഞ്ഞടിച്ചതോടെ ഭൂഖണ്ഡമാകെ ചൂടില്‍ വിയര്‍ത്തു. സ്‌പെയിനിലും പോര്‍ച്ചുഗലിലും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി, 46 ഡിഗ്രി സെല്‍ഷ്യസ്.
ഫ്രാന്‍സും റോമും ഇറ്റലിയും ജര്‍മനിയും അത്യുഷണത്തിന്റെ പിടിയിലാണ്. മിക്ക രാജ്യങ്ങളിലും കഴിഞ്ഞ ജൂണില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 5 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. ലണ്ടനില്‍ 33 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ഫ്രാന്‍സില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ചൂടില്‍ നിന്നും രക്ഷ നേടാന്‍ കടല്‍തീരങ്ങളേയും സ്വമ്മിങ് പൂളുകളേയും ആശ്രയിക്കുന്നവരുടെ തിരക്ക് വര്‍ധിച്ചു. പകല്‍സമയത്ത് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് മിക്ക രാജ്യങ്ങളും വിലക്കി. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.
ഉഷ്ണക്കാറ്റും കാട്ടുതീയും രൂക്ഷമായ തുര്‍ക്കിയിലെ ഇസ്മിര്‍ പ്രവിശ്യയില്‍ നിന്ന് അരലക്ഷംപേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 50 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചത് തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനിടയാക്കി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തുടരുകയാണ്.