സിറിയയിലെ ഡമാസ്‌കസിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അടിയന്തര പ്രമേയം പാസാക്കി

സിറിയയിലെ ഡമാസ്‌കസിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അടിയന്തര പ്രമേയം പാസാക്കി
സ്ട്രാസ്ബര്‍ഗ്: സിറിയയിലെ ഡമാസ്‌കസിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അടിയന്തര പ്രമേയം പാസാക്കി.
സിറിയയിലെ ക്രിസ്ത്യാനികളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ആവശ്യപ്പെട്ടുക്കൊണ്ടാണ് പ്രമേയം അവതരിപ്പിച്ചത്. മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതായിരിന്നു പ്രമേയം.
യൂറോപ്യന്‍ പാര്‍ലമെന്റിലെ വിവിധ രാഷ്ട്രീയ ഗ്രൂപ്പുകള്‍ സംയുക്തമായാണ് പ്രമേയം സമര്‍പ്പിച്ചത്. സിറിയയില്‍ ക്രൈസ്തവര്‍ക്കെതിരായി അക്രമത്തിന്റെയും വിവേചനത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന രീതി ചൂണ്ടിക്കാട്ടുന്നതായിരിന്നു പ്രമേയം.
വിവിധ വിശ്വാസ സമൂഹങ്ങളെ പീഡിപ്പിക്കുന്നതിന് ഉത്തരവാദികളായവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണം. ദേവാലയം നശിപ്പിക്കല്‍, ഭീഷണി, ചെക്ക്പോസ്റ്റുകളിലെ വിവേചനം, സെമിത്തേരികള്‍ നശിപ്പിക്കല്‍ എന്നീ വിവിധ അക്രമങ്ങളും ജോലികള്‍, ലൈസന്‍സുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയിലേക്കു ക്രൈസ്തവരോട് കാണിക്കുന്ന വിവേചനവും പ്രമേയത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ആക്രമണത്തെ കുറിച്ച് അന്വേഷിക്കാനും, കുറ്റവാളികളെ ശിക്ഷിക്കാനും, മാര്‍ ഏലിയാസ് ദേവാലയം പുനഃസ്ഥാപിക്കാനും, സമാധാനത്തിനും മതാന്തര സംഭാഷണത്തിനുമായി പ്രത്യേക ഇടപെടല്‍ നടത്താനും സിറിയന്‍ സര്‍ക്കാരിനോട് യൂറോപ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം ഇരുപത്തിരണ്ടാം തീയതിയാണ് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. മുപ്പതോളം ക്രൈസ്തവര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ട്ടമായത്. 63 പേര്‍ക്കു പരിക്കേറ്റിരിന്നു.