വിദ്വേഷത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ പൗരന്മാരെ ക്ഷണിച്ച് എത്യോപ്യന്‍ മെത്രാന്‍സമിതി
ദുര്‍ബലരും പ്രതിരോധശേഷിയില്ലാത്തവരുമായ മനുഷ്യരെ ആക്രമിക്കുന്നതിനെ മത, സാംസ്‌കാരിക, രാഷ്ട്രീയ ഉദ്‌ബോധനങ്ങളും ചിന്തകളും നിരത്തി ന്യായീകരിക്കാനാകില്ലെന്ന് ഓര്‍മ്മിപ്പിച്ച് എത്യോപ്യയിലെ കത്തോലിക്കാ മെത്രാന്‍സമിതി.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന ക്രൂരമായ ആക്രമണങ്ങളുടെ മുന്നിലാണ് ഇത്തരമൊരു പ്രസ്താവന രാജ്യത്തെ സഭാനേതൃത്വം നടത്തിയത്.
എല്ലാത്തരം വിദ്വേഷചിന്തകളിലും നിന്ന് അകന്നുനില്‍ക്കാന്‍ രാജ്യത്തെ പൗരന്മാരോട് കാതോലിക്കാസഭാനേതൃത്വം അഭ്യര്‍ത്ഥിച്ചു.
ഓര്‍മിയയിലുള്ള ആര്‍സി പ്രദേശത്ത് അടുത്തിടെ നടന്ന കൂട്ടക്കൊലയുടെ കൂടി പശ്ചാത്തലത്തിലാണ് വെറുപ്പും വൈരാഗ്യവും വെടിയാനും, സമാധാനം കൊണ്ടുവരാനും ഇത്തരമൊരു അഭ്യര്‍ത്ഥന മെത്രാന്മാര്‍ നടത്തിയതെന്ന്, മെത്രാന്‍സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബെര്‍ഹാനിയേസുസ് സുറാഫിയേല്‍ നടത്തിയ പ്രസ്താവനയെ അധികരിച്ച് ഫീദെസ് ഏജന്‍സി എഴുതി.
ആര്‍സി പ്രദേശത്ത് നടന്ന അതിക്രമങ്ങളെ സഭ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയായാണ് കണക്കാക്കുന്നതെന്ന് പ്രസ്താവിച്ച സഭാനേതൃത്വം നിയമവാഴ്ച നടപ്പാക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇസ്ലാം മതവിശ്വാസികളും ക്രൈസ്തവരും സഹകരണത്തോടെ ജീവിച്ചിരുന്ന ഈ പ്രദേശത്തുള്ള ഒരു വ്യാപാരയിടത്ത് ഫെബ്രുവരി 26-ന് കടന്നെത്തിയ ഒരു തീവ്രവാദിവിഭാഗം ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ഇരുപത് ക്രൈസ്തവരും ഒരു മുസ്ലിം ഗാര്‍ഡും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 28-ന് ഈ പ്രദേശത്ത് വീണ്ടും ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ ഒരു ഓര്‍ത്തഡോക്‌സ് ദേവാലയത്തിലുണ്ടായിരുന്ന ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഷിര്‍ക്ക ജില്ലയില്‍ ഇരുപത്തിയാറും, മെര്‍ത്തി ജില്ലയില്‍ നാലും ഉള്‍പ്പെടെ 34 ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. ഷിര്‍ക്ക ജില്ലയില്‍ ഈ വര്‍ഷാരംഭം മുതല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 164 ആണ്.
8 പേരെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആയിരക്കണക്കിനാളുകളാണ് കുടിയിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. 2025-ല്‍ ആരംഭിച്ച സംഘര്‍ഷങ്ങളുടെ ഭാഗമായി ഓര്‍മിയയില്‍ ഇതുവരെ 1.244 പേരാണ് ഇരകളായത്.
നിഷ്‌കളങ്കരായ ആളുകളുടെ ജീവനെടുക്കുന്നതിനെ അപലപിച്ച മെത്രാന്‍സമിതി, രാജ്യത്തെ പൗരന്മാര്‍ വെറുപ്പ് കൈവെടിയണമെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും, സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയണമെന്നും അഭ്യര്‍ത്ഥിച്ചു.