അവയവദാനവുമായി ബന്ധപ്പെട്ട ആരോഗ്യമേഖലയിൽ ധാർമ്മികതയും മനുഷ്യാന്തസ്സും ഉറപ്പാക്കണം: ലിയോ പാപ്പാ
Mar 28, 2026, 13:41 IST
അവയവ കൈമാറ്റമേഖലയിൽ, മനുഷ്യന്റെ സമഗ്രനന്മയും, മനുഷ്യാന്തസ്സും ഉറപ്പാക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഇറ്റലിയുടെ അവയവ കൈമാറ്റത്തിനായുള്ള ദേശീയതല കേന്ദ്രം സംഘടിപ്പിച്ച സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിൽ, ഈ മേഖലയിൽ ഉറപ്പാക്കേണ്ട ധാർമ്മികതയുടെ പ്രാധാന്യവും, മറ്റു മൂല്യങ്ങളും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
മനഃസാക്ഷിയും, മാനവികതയും, സന്തുലിതമനോഭാവവും കാത്തുസൂക്ഷിച്ചുകൊണ്ടുവേണം അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട ആളുകൾ പ്രവർത്തിക്കേണ്ടതെന്ന് പാപ്പാ എടുത്തുപറഞ്ഞു. മനുഷ്യരുടെ ജീവന്റെ ഏറ്റവും നിർണ്ണായക നിമിഷങ്ങളുമായി ബന്ധപ്പെട്ട ഈ പ്രവർത്തനം വലിയ ഉത്തരവാദിത്വത്തോടെ വേണം കൈകാര്യം ചെയ്യേണ്ടതെന്നും, കൂടുതലായ വിശ്വസ്തതയും സമർപ്പണബോധവും, രോഗിയുടെ നന്മയും ഓരോ തീരുമാനങ്ങൾക്ക് പിന്നിലും ഉണ്ടായിരിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
വ്യക്തമായ അറിവോടെയും സ്വാതന്ത്ര്യത്തോടെയും, ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും അടയാളമായും അവയവദാനത്തിന്റെ സംസ്കാരം കൂടുതൽ ആളുകളിലേക്ക് എത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെയും ഫ്രാൻസിസ് പാപ്പായുടെയും നിരവധിയായ ചിന്തകളെയും പ്രഭാഷണങ്ങളെയും അധികരിച്ച് ലിയോ പതിനാലാമൻ പാപ്പാ ആവശ്യപ്പെട്ടു.
ഇറ്റലിയിൽ ആദ്യമായി അവയവദാനം നടന്നത് എഴുപത് വർഷങ്ങൾക്ക് മുൻപാണെന്ന കാര്യം, വാഴ്ത്തപ്പെട്ട ഫാ. കാർലോ ഞോക്കി തന്റെ കണ്ണുകൾ ദാനം ചെയ്‌തത് പരാമർശിച്ചുകൊണ്ട് അനുസ്മരിച്ച പാപ്പാ, അത് വലിയ വിചിന്തനങ്ങൾക്കും നിയമനിർമ്മാണ പ്രവർത്തനങ്ങൾക്കും തുടക്കം നൽകിയെന്ന് പ്രസ്താവിച്ചു. ഈ അവയവദാനത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് പന്ത്രണ്ടാം പിയൂസ് പാപ്പാ, ഈ വിഷയത്തിൽ ധാർമ്മിക മാർഗ്ഗനിർദ്ദേശം നൽകിയത്.
ചികിത്സാപരമായ ആവശ്യങ്ങൾ മുന്നിൽ കണ്ട്, മനുഷ്യശരീരത്തിന്റെ അന്തസ്സും വ്യക്തികളുടെ അവകാശങ്ങളും മാനിച്ചുകൊണ്ട് മുന്നോട്ട് പോകാൻ പിന്തുണ നൽകിയ സഭ, അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ വളർച്ചയുടെ മൂല്യം തിരിച്ചറിയുകയും, അവയിൽ ഉണ്ടാകേണ്ട ധാർമ്മിക മാനദണ്ഡങ്ങൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു.
അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങൾക്ക് തന്റെ ഉറപ്പും പിന്തുണയും വാഗ്ദാനം ചെയ്ത പാപ്പാ, വർദ്ധിച്ചുവരുന്ന ആവശ്യത്തിന്റെയും അവയവങ്ങളുടെ ലഭ്യതക്കുറവിന്റെയും പശ്ചാത്തലത്തിൽ ഉത്തരവാദിത്വത്തോടെയും, വ്യക്തികളുടെ സമഗ്രനന്മയും അന്തസ്സും മുന്നിൽ കണ്ടും പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.
ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ കൂടി സഹകരണത്തോടെയായിരുന്നു, വത്തിക്കാനിൽ നടന്ന സമ്മേളനം.