സുഡാന്‍, ഉക്രൈന്‍, റഷ്യ എന്നിവിടങ്ങളില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും അക്രമങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ മാര്‍പാപ്പ
സുഡാന്‍, ഉക്രൈന്‍, റഷ്യ എന്നിവിടങ്ങളില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും അക്രമങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പരമ്പരാഗത അഞ്ചലൂസ് പ്രാര്‍ഥനയ്ക്കു ശേഷം തീര്‍ഥാടകരെയും വിശ്വാസികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ.
യുദ്ധത്തിനും അക്രമങ്ങള്‍ക്കും പകരം നയതന്ത്ര ചര്‍ച്ചകള്‍ക്കും മാനുഷിക സഹായങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നതിനും ആഗോളനേതാക്കള്‍ മുന്‍ഗണന നല്‍കണമെന്ന് പാപ്പ അഭ്യര്‍ഥിച്ചു. മാസങ്ങളായി ഉപരോധത്തില്‍ കഴിയുന്ന സുഡാനിലെ 'എല്‍-ഒബെയ്ദ്' നഗരത്തിലെ ജനങ്ങളുടെ ദയനീയ സ്ഥിതിയില്‍ മാര്‍പാപ്പ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അവിടെ ഭക്ഷണവും കുടിവെള്ളവും മരുന്നുകളും ലഭിക്കാതെ ജനങ്ങള്‍ നേരിടുന്ന രൂക്ഷമായ ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി മാനുഷിക ഇടനാഴികള്‍ അനുവദിക്കണമെന്നും പാപ്പ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം സുഡാനില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ മൂലം 1.4 കോടിയിലധികം ആളുകള്‍ ഭവനരഹിതരാക്കപ്പെടുകയും കടുത്ത പട്ടിണിയിലാവുകയും ചെയ്തിട്ടുണ്ട്. ഉക്രൈനിലും റഷ്യയിലും തുടരുന്ന യുദ്ധത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിലും പരിക്കേല്‍ക്കുന്നതിലും മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. അക്രമത്തിന്റെ പാത അവസാനിപ്പിച്ച് സംഭാഷണങ്ങള്‍ക്കും സമാധാന ശ്രമങ്ങള്‍ക്കും വഴിതുറക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.