ഇഎസ്എ: സര്‍ക്കാര്‍ ഇടപെടണമെന്ന് കെസിബിസി
കൊച്ചി: പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് ജൂലൈ 27ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട കേരളത്തിലെ ജനവാസമേഖലകളും കൃഷിഭൂമിയും പൂര്‍ണമായും ഒഴിവാക്കാനും റവന്യു വില്ലേജുകളെ കൃത്യമായി തരംതിരിക്കാനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്ന് കെസിബിസി.
പ്രകൃതി ദുരന്തത്തില്‍ അകപ്പെടുന്നവരെ സഹായിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കെസിബിസി സമ്മേളനം വ്യക്തമാക്കി.
പശ്ചിമഘട്ടത്തിലെ ഇഎസ്എ സംബന്ധിച്ച് ഏഴാം തവണയാണു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നത്.
കേരളത്തിന്റെ നിലവിലെ മാപ്പില്‍ 123 റവന്യു വില്ലേജുകളിലായി ലക്ഷക്കണക്കിന് ഏക്കര്‍ ജനവാസമേഖലകളും കൃഷിഭൂമിയും ഉള്‍പ്പെടെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇഎസ്എയായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
നിയമപരമായി നിലനില്‍ക്കുന്ന രീതിയില്‍ റവന്യു വില്ലേജുകളും അതിര്‍ത്തികളും തരംതിരിച്ച് ഫീല്‍ഡ് സര്‍വേ നടത്തുന്നതിലുണ്ടായ വര്‍ഷങ്ങളായുള്ള അലം ഭാവവും വീഴ്ചയുമാണ് ഈ പ്രതിസന്ധിയെ ഇത്രത്തോളം വഷളാക്കിയത്.
സമാനമായ ആശങ്കകള്‍ നിലനിന്നിരുന്ന തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങ ള്‍ കൃത്യമായ ഉപഗ്രഹ-ഫീല്‍ഡ് സര്‍വേകള്‍ വഴി അതിര്‍ത്തികള്‍ വേര്‍തിരിച്ച് കേന്ദ്രത്തിനു സമര്‍പ്പിക്കുകയും സ്വന്തം സംസ്ഥാനങ്ങളിലെ ജനവാസകേന്ദ്രങ്ങ ളെ പരിധിയില്‍നിന്ന് സംരക്ഷിച്ചുനിര്‍ത്തുകയും ചെയ്തു.
കേരളത്തില്‍ ഇപ്പോഴും ജനങ്ങളുടെ ആശങ്ക പരിഹരിച്ചു വ്യക്തമായി അതിര്‍ത്തി നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ലെന്നത് ഏറെ ഖേദകരമാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച് പശ്ചിമഘട്ട വിഷയത്തില്‍ കേരളസമൂഹത്തിന് ആശ്വാസമേകുന്ന ശാശ്വത പരിഹാരം ഉടന്‍ കണ്ടെത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ മരിച്ചവര്‍ക്ക് കെസിബിസി ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാ സ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള കത്തോലിക്കാ സഭയുടെ ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചു.
അസാധാരണമായ രീതിയില്‍ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി പുഴകളുടെയും ഡാമു കളുടെയും ആഴം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ശാശ്വതവും ക്രിയാത്മകവുമായ പരിഹാരം കണ്ടെത്താനും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
കെസിബിസി സമ്മേളനത്തില്‍ കേരളത്തിലെ എല്ലാ കത്തോലിക്ക രൂപതകളിലെയും മെത്രാന്മാര്‍ പങ്കെടുത്തു.
പ്രാധാന്യമര്‍ഹിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ പറഞ്ഞു.
സമ്മേളനത്തെ ത്തുടര്‍ന്ന് ആരംഭിച്ച മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം ഏഴിന് സമാപിക്കും.