എരുമേലി ഷിബു ഖാന്‍ കൊലക്കേസ്: മണിമല പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍, തലക്കേറ്റ പരിക്കാണ് മരണകാരണം
തൊടുപുഴ: എരുമേലി കറിക്കാട്ടൂര്‍ സ്വദേശി ഷിബു ഖാന്റെ കൊലപാതകത്തില്‍ സിപിഎം മണിമല പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ജോജി ജോണ്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ജോജി ജോണ്‍, നിഖില്‍ അയ്യപ്പന്‍, ഷിബിന്‍ സാം, അമല്‍ രാജ്, ജോബിന്‍ രാജന്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് എരുമേലി കറിക്കാട്ടൂര്‍ സ്വദേശി ഷിബു ഖാനെ വീടിന്റെ സമീപത്തെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജോജി ജോണ്‍ സിപിഎമ്മിന്റെ മണിമല പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറാണ്. മുന്‍വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തലയ്‌ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ ഷിബു ഖാനും സുഹൃത്ത് കുഞ്ഞുമോനും മദ്യപിച്ചിരിക്കവെ ജോജി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും വാക്കുതര്‍ക്കത്തിലും തുടര്‍ന്ന് മര്‍ദ്ദനത്തിലും കലാശിക്കുകയുമായിരുന്നു. പ്രതികളുടെ ആക്രമണത്തില്‍ ഭയന്നോടിയ ഷിബുവിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, സംഭവത്തിന് ശേഷം കാണാതായ സുഹൃത്ത് കുഞ്ഞുമോനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷം കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം.