ഇരുട്ടടി: എറണാകുളം കളമശേരിയില്‍ എച്ച് എം ടി യുടെ ഫ്യൂസ് ഊരി കെഎസ്ഇബി
കളമശേരി: എറണാകുളം കളമശേരിയില്‍ പൊതുമേഖലാ സ്ഥാപനമായ എച്ച് എം ടി യുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 32 കോടി രൂപയുടെ കുടിശിക ചൂണ്ടിക്കാട്ടിയാണ് നടപടി.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയില്‍ കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിയിട്ട് അതിനിടെയാണ് കെഎസ്ഇബിയുടെ നടപടി. ഇതോടെ പ്രവര്‍ത്തനം നിലച്ചു.
2007 വരെയുള്ള കുടിശിക ഇനത്തില്‍ 14 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
തുടര്‍ന്ന് നടന്ന വണ്‍ ടൈം സെറ്റില്‍മെന്റ് ചര്‍ച്ചയില്‍ കുടിശ്ശിക 11 കോടി രൂപയായി പുനര്‍നിര്‍ണയിച്ചു. ഇതില്‍ 8.5 കോടി രൂപ മൂലധന കുടിശ്ശികയായും 50 ലക്ഷം രൂപ പിഴ പലിശയായും വിഭജിക്കാന്‍ ധാരണയായിരുന്നു.
എന്നാല്‍, പിഴ പലിശയായ 50 ലക്ഷം രൂപയ്ക്ക് പകരം ഭൂമി മതിയെന്ന് ധാരണയായെങ്കിലും ഹെഡ് ഓഫീസില്‍ നിന്ന് അനുമതി ലഭിക്കാതെ വന്നതോടെ ഭൂമി കൈമാറ്റം നടന്നില്ല.
അതിനുള്ള പ്രതികാര നടപടിയയാണ് ഫ്യൂസ് ഊരികൊണ്ടുപോയതെന്ന് ജീവനക്കാര്‍ വ്യക്തമാക്കുന്നു.