ഇറാസ്മസ് പ്ലസ് പദ്ധതി: ഇമിഗ്രേഷന്‍ നിബന്ധനകള്‍ ലളിതമാക്കി യുകെ; ഒക്ടോബര്‍ 8 മുതല്‍ പ്രാബല്യത്തില്‍

 
Immigration



2027ല്‍ യൂറോപ്യന്‍ യൂണിയന്റെ ഇറാസ്മസ് പ്ലസ് പദ്ധതിയിലേക്ക് വീണ്ടും പങ്കാളിയാകുന്നതിന് മുന്നോടിയായി ഇമിഗ്രേഷന്‍ നിബന്ധനകള്‍ ലളിതമാക്കി ബ്രിട്ടന്‍. ഒക്ടോബര്‍ എട്ട് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ പ്രകാരം ഇറാസ്മസ് പദ്ധതിയിലുള്ളവര്‍ക്ക് ഇനി സാധാരണ വിസിറ്റര്‍ റൂട്ട് വഴി യുകെയിലെത്തി പഠനത്തിലും പരിശീലനത്തിലും പങ്കാളികളാകാം.

ഹ്രസ്വകാല കോഴ്‌സുകള്‍ക്കും പരിശീലനങ്ങള്‍ക്കുമായി യുകെയിലെത്തുന്നവര്‍ക്ക് ഇനി പ്രത്യേക സ്‌പോണ്‍സര്‍ഷിപ്പിന്റെ ആവശ്യമില്ല എന്നതാണ് ആശ്വാസമാവുക. ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും കടുപ്പമേറിയ സ്‌പോണ്‍സര്‍ഷിപ്പ് നിബന്ധനകളില്ലാതെ തന്നെ വിദേശ പഠിതാക്കളെയും ഗവേഷകരെയും സ്വീകരിക്കാന്‍ പുതിയ നയം വഴിതുറക്കും.

•    തൊഴില്‍ അന്തരീക്ഷം നേരിട്ട് കണ്ട് പഠിക്കുന്ന ജോബ് ഷാഡോയിങ് അനുവദിക്കുമെങ്കിലും ഇത് സ്ഥിരജോലിക്ക് പകരമായി ഉപയോഗിക്കാന്‍ കഴിയില്ല.
•    18 വയസ്സോ അതില്‍ താഴെയോ പ്രായമുള്ളവര്‍ക്ക് 30 ദിവസം വരെയുള്ള ട്രെയിനിഷിപ്പുകളില്‍ പങ്കാളികളാകാം. ഇതിനായി രക്ഷിതാക്കളുടെയും പഠിക്കുന്ന സ്ഥാപനത്തിന്റെയും അനുമതി പത്രം വേണം.


ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആനുകൂല്യങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ള ഇറാസ്മസ് പങ്കാളികള്‍ക്കും ലഭ്യമാണെങ്കിലും യാത്രാാനുമതി ലഭിക്കുന്നത് ഓരോ രാജ്യക്കാരുടെയും നിലവിലെ വിസ നിയമങ്ങളെ ആശ്രയിച്ചായിരിക്കും.
ഇന്ത്യക്കാര്‍ യുകെയിലേക്ക് യാത്ര ചെയ്യാന്‍ മുന്‍കൂട്ടി വിസ നിര്‍ബന്ധമുള്ള രാജ്യങ്ങളുടെ പട്ടികയിലുള്ളതിനാല്‍, ആനുകൂല്യം ലഭിക്കുമെങ്കിലും സാധാരണ വിസിറ്റര്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടിവരും. അതേസമയം, വിസ ഒഴിവാക്കിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ മതിയാകും. വിസ എടുക്കുന്ന രീതിയില്‍ മാത്രമാണ് ഈ വ്യത്യാസമെന്നതിനാല്‍, യുകെയില്‍ അനുവദിച്ചിട്ടുള്ള പഠന-പരിശീലന ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകും.
 

Tags

Share this story

From Around the Web