പ്രവേശനം വിശ്വാസികള്‍ക്ക് മാത്രം; ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണം ഭയന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ച് ക്രിസ്ത്യന്‍ പള്ളികള്‍
റായ്പൂര്‍: ഛത്തീസ്ഗഢില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ ഭയന്ന് സ്വയംപ്രതിരോധവുമായി ക്രിസ്ത്യന്‍ പള്ളികള്‍. പള്ളിയിലെ പ്രവേശനം ക്രിസ്ത്യാനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ധംതാരിയിലുള്ള സുന്ദര്‍ഗഞ്ച് മെന്നോണൈറ്റ് പള്ളിയിലാണ് ബോര്‍ഡ് വെച്ചത്.
നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന പേരില്‍ കേസുകളോ ആക്രമണങ്ങളോ ഉണ്ടാകാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് മുന്‍കരുതലായി ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നാണ് പള്ളിയുടെ വിശദീകരണം.
'പള്ളിയിലേക്കുള്ള പ്രവേശനം ക്രിസ്ത്യാനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അന്യമതസ്ഥര്‍ പ്രവേശിക്കുന്നത് അവരുടെ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും.' ബോര്‍ഡിലെ മുന്നറിയിപ്പ് ഇങ്ങനെ.
ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ മതപരിവര്‍ത്തനം ആരോപിച്ച് പള്ളികളില്‍ അതിക്രമിച്ച് കയറുകയും പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഈ പ്രതിരോധനടപടി.
സ്വമേധയാ വരുന്ന അന്യമതസ്ഥര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവേശിക്കുന്നതെന്ന് തെളിയിക്കാന്‍ ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങാറുണ്ട്. ആക്രമണങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം പള്ളി അധികൃതരുടെ മേല്‍ ചുമത്താതിരിക്കാനാണ് ഈ മുന്‍കരുതല്‍.